കെ.എസ്.ഇ.ബിയെ ന്യായീകരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി; അജ്മലിന്‍റെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കും
text_fieldsകോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി ഓഫിസ് ആക്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയ കെ.എസ്.ഇ.ബി നടപടിയെ ന്യായീകരിച്ച് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. ഓഫിസിൽ കയറി ജീവനക്കാരെ ആക്രമിച്ചത് തെറ്റാണ്. കണക്ഷൻ കൊടുത്ത ശേഷമാണ് ആക്രമണം നടത്തിയത്. ഫ്യൂസ് ഊരിയത് കെ.എസ്.ഇ.ബിയുടെ പ്രതികാരനടപടിയല്ല. ജീവനക്കാരെ സംരക്ഷിക്കാനാണ് എം.ഡി. അത്തരമൊരു നടപടിയെടുത്തത്. ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് തന്നാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിച്ഛേദിക്കാനുള്ള അധികാരമുണ്ട്. ബില്‍ അടയ്ക്കാതിരുന്നാല്‍ വൈദ്യുതബന്ധം വിച്ഛേദിക്കും. അതിന് ജീവനക്കാരനെ മര്‍ദിക്കുകയും ഓഫിസില്‍ കേറി വലിയ അക്രമം കാണിക്കുകയും ചെയ്തു. അതുകൊണ്ട് ചെയ്തത് ശരിയാണെന്നല്ലേ തോന്നൂ. ഇനി എം.ഡി പറഞ്ഞിട്ട് കണക്ഷന്‍ കൊടുക്കാന്‍ പോയാല്‍ ആക്രമിക്കില്ലെന്ന് ആരാണ് ഉറപ്പുതരുക. അതുകൊണ്ടാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കും. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചിട്ടുണ്ട്. ഉദ്യാഗസ്ഥര്‍ക്ക് സുരക്ഷ നല്‍കാമെന്ന് പൊലീസ് ഉറപ്പുംനല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു -മന്ത്രി പറഞ്ഞു.
അതേസമയം, ഫ്യൂസ് ഊരിയ സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി പ്രാപ്തനാണ്. പൊതുതാൽപര്യം മുൻനിറുത്തി ഉചിതമായ തീരുമാനം എടുക്കുമെന്നും എ. ശശീന്ദ്രൻ പറഞ്ഞു.
കെ.എസ്.ഇ.ബി ജീവനക്കാർക്കെതിരെ അജ്മലിന്റെ മാതാവ് മറിയം രംഗത്തെത്തി. ജീവനക്കാരാണ് മക്കളെ ആക്രമിച്ചതെന്ന് മറിയം പറഞ്ഞു. ഓഫിസിലെ ഉപകരണങ്ങൾ തല്ലിത്തകർത്തത് ജീവനക്കാർ തന്നെയാണെന്നും അവര്‍ പറഞ്ഞു. താൻ ഉദ്യോഗസ്ഥരെ മർദിക്കുകയോ ഓഫിസ് തകർക്കുകയോ ചെയ്തിട്ടില്ലെന്ന് കേസിലെ പ്രതി അജ്മൽ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഓഫിസിലെ ഉദ്യോഗസ്ഥരുടെ തലയിൽ താൻ ഒഴിച്ചു. മറ്റുള്ള ആരോപണങ്ങളെല്ലാം തെറ്റാണ് -അജ്മൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.