ജാതിചിന്ത മനസ്സിൽ പിടിച്ച കറ -മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsതൃശൂർ: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളിൽനിന്ന് ഏറെ മുന്നോട്ടുപോയ നാടാണ് കേരളമെങ്കിലും ഇപ്പോഴും ചിലരുടെ മനസ്സിൽ ജാതിചിന്തയുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പയ്യന്നൂരിലെ ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ടത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജാതിചിന്ത മനസ്സിൽ പിടിച്ച കറയാണ്. വസ്ത്രത്തിൽ പിടിച്ച കറപോലെ പെട്ടെന്ന് മാറ്റാനാകില്ല. ചന്ദ്രയാൻ വിക്ഷേപിച്ചതിനെക്കാൾ വലിയ ബുദ്ധിയാണ് ജാതിവ്യവസ്ഥ ഉണ്ടാക്കിയവർ നടത്തിയത്. നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടാക്കിയ ജാതിവ്യവസ്ഥ ഇപ്പോഴും ഒറ്റപ്പെട്ട ചിലരുടെ മനസ്സിൽ കിടക്കുന്നുവെങ്കിൽ അതിലെ ബുദ്ധി ചെറുതല്ലല്ലോ.
ക്ഷേത്രത്തിൽ നടന്നത് ഇവിടത്തെ പൊതുസമൂഹം അംഗീകരിക്കാത്തതുകൊണ്ട് അതു വലിയ വിവാദമാക്കാൻ നിന്നില്ല.
സ്വാതന്ത്ര്യം കിട്ടി 76 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ സമൂഹത്തിൽ ജാതിവിവേചനം വർധിക്കുകയാണെന്നാണ് താൻ കഴിഞ്ഞദിവസം കോട്ടയത്ത് പറഞ്ഞത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഭവിക്കുന്നതുപോലുള്ള കാര്യങ്ങൾ ഇവിടെ ആവർത്തിക്കാൻ പൊതുസമൂഹം അനുവദിക്കുന്നില്ല. ജാതിക്കും മതത്തിനും അതീതമായി മനുഷ്യാവകാശങ്ങൾക്കും സാമൂഹികനീതിക്കുമായി വലിയ പ്രക്ഷോഭം നടന്ന മണ്ണാണിത്.
ജാതിവ്യവസ്ഥ ഉണ്ടാക്കിയ മാനസികാവസ്ഥ പെട്ടെന്നൊരു ദിവസം ഇല്ലാതാക്കാൻ ആർക്കുമാകില്ല. ജാതി, മത ചിന്തകളാണ് മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളിൽനിന്ന് നമ്മുടെ ശ്രദ്ധതിരിക്കുന്നത്. പട്ടികജാതി അതിക്രമ നിരോധന നിയമമുണ്ട്.
പക്ഷേ നിയമം ഉള്ളതുകൊണ്ട് മാത്രമല്ലല്ലോ പാവങ്ങളെ ദ്രോഹിക്കാത്തത്. നിയമമുണ്ട് എന്നത് കാര്യമാണെങ്കിലും ഇതല്ലാതെ സംരക്ഷിക്കുന്ന നിലപാടാണ് സമൂഹത്തിന്റേത്.
ഓരോ ജാതികളിലെയും ഉപജാതികളിലുമുള്ള മേൽക്കോയ്മ പ്രശ്നമാണ് ദുരാചാരക്കൊലയടക്കമുള്ളവക്ക് കാരണമാകുന്നത്. സ്വന്തം വിഭാഗങ്ങളിലുള്ളവയിലെ ഉപജാതികളിലുള്ളവർ സ്നേഹിക്കുകയും വിവാഹം കഴിക്കുകയും ചെയ്താൽ കൊന്നുകളയുന്ന സ്ഥിതിയുണ്ടാവുന്നു.
തനിക്ക് നേരിട്ട സംഭവത്തിൽ നിയമനടപടികളിലേക്ക് കടക്കുന്നില്ല. വ്യക്തിപരമായിട്ടല്ല അതിനെ കാണുന്നതെന്നും ഇത്തരം സമീപനങ്ങൾ മനസ്സുകളിൽതന്നെ മാറണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.