ഉദ്ഘാടനത്തിന് വഴിപോക്കനെപ്പോലെ എത്തി -മന്ത്രി കെ. രാധാകൃഷ്ണൻ
text_fieldsചെറുതുരുത്തി: സ്വന്തം മണ്ഡലത്തിലെ റെയിൽവേ മേൽപാലം നിർമാണ ഉദ്ഘാടനത്തിന് വഴിപോക്കനെപ്പോലെ വന്നുകേറേണ്ട അവസ്ഥ ഉണ്ടായെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേന്ദ്ര സർക്കാറിന്റെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കുന്നതിന്റെ ഭാഗമായി വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിലെ പൈങ്കുളം റെയിൽവേക്ക് സമീപം പ്രത്യേകം തയാറാക്കിയ വേദിയിൽ എത്തിയതായിരുന്നു മന്ത്രി.
പരിപാടി സംബന്ധിച്ച് ഞായറാഴ്ച രാത്രി മാത്രമാണ് അറിയിപ്പ് ലഭിച്ചതെന്നും പദ്ധതിയുടെ 50 ശതമാനം ഫണ്ട് സംസ്ഥാന സർക്കാർ വഹിക്കുന്നുണ്ടെന്നും എന്നാൽ ആ പരിഗണന പോലും കേന്ദ്രസർക്കാർ നൽകുന്നില്ലെന്നും മന്ത്രി തുറന്നടിച്ചു. വർഷങ്ങൾ നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പൈങ്കുളം റെയിൽവേ മേൽപാലം യാഥാർഥ്യമാകുന്നത്.
പൈങ്കുളം റെയിൽവേ ഗേറ്റിനു സമീപം തയാറാക്കിയ സ്ഥലത്ത് ജനപ്രതിനിധികളും റെയിൽവേ ഉദ്യോഗസ്ഥരും എത്തി.റെയിൽവേ മേൽപാലത്തിന്റെ പണി സമയബന്ധിതമായി നടപ്പാക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത രമ്യ ഹരിദാസ് എം.പി പറഞ്ഞു. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൽ ഖാദർ, റെയിൽവേ ഇലക്ട്രിക്കൽ എൻജിനീയറിങ് ഇൻ ചാർജ് മാധവൻകുട്ടി, ഓഫിസ് സൂപ്രണ്ട് എ.എച്ച്. അലി, സ്റ്റേഷൻ സൂപ്രണ്ട് സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ വത്സല, കെ.ആർ. ഗിരീഷ് എന്നിവർ സംസാരിച്ചു. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലാണ് പണികൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.