ചൂരൽമല പുനരധിവാസം: സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം വിളിക്കും -മന്ത്രി കെ.രാജൻ
text_fieldsതിരുവനന്തപുരം: വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വീട് നിർമിച്ചുനൽകുമെന്ന് വാഗ്ദാനം നൽകിയ സംഘടനകളുടെ യോഗം വിളിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. ടൗൺഷിപ്പിനായി കണ്ടെത്തിയ സ്ഥലത്ത് എല്ലാ വീടുകളും നിർമിക്കുന്നതിന് ഒരു ഏജൻസിയെ നിയോഗിക്കുന്നത് നല്ലതെന്ന അഭിപ്രായം സർക്കാറിനുണ്ട്.
സംഘടനകൾ സ്വന്തം നിലക്ക് നിർമിക്കാമെന്ന് പറയുന്നവരുമുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.ടെൻഡർ നടപടികൾ ഡിസംബർ 31നകം പൂർത്തിയാക്കും. ചൂരൽമലയിൽ ഇനിയും 47 പേരെ കണ്ടെത്താനുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം മരണ സംഖ്യ 254 ആണ്. കണ്ടെത്താനുള്ളവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്ന് പറയാൻ പ്രയാസമുണ്ട്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി തീരുമാനമുണ്ടാകും. ദുരന്തത്തിന് ഇരയായവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. കാണാതായവരെ കണ്ടെത്താൻ ഇതുവരെ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, ചൂരൽമല ദുരിതബാധിതർക്കായി ഒരു സഹായവും കേന്ദ്രത്തിൽനിന്ന് കിട്ടിയിട്ടില്ല. സമാനമായ ദുരന്തം നേരിട്ട മറ്റു സംസ്ഥാനങ്ങൾക്ക് പണം നൽകിയിട്ടും കേരളത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കുന്നില്ല. ഇക്കാര്യത്തിൽ സർക്കാറിന്‍റെ പ്രതിഷേധം അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സഹായം വേഗത്തിൽ ലഭ്യമാക്കാൻ ആവശ്യമായ സമ്മർദം തുടരുന്നുണ്ട്. ഉരുൾപൊട്ടലിൽ കേരളത്തിന് ലഭിക്കേണ്ട സഹായത്തിൽ ഒക്ടോബർ 18ന് തീരുമാനം അറിയിക്കാൻ ഹൈകോടതി കേന്ദ്രത്തോട് നിർദേശിച്ചിട്ടുണ്ട്. അതുവരെ സർക്കാർ കാത്തിരിക്കുകയാണെന്ന് മന്ത്രി രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.