ഉരുള്‍പൊട്ടല്‍ പുനരധിവാസ പട്ടിക: അപാകത ക്ലറിക്കൽ മിസ്റ്റേക്കെന്ന് റെവന്യൂ മന്ത്രി
text_fieldsതൃശ്ശൂർ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന ആരോപണത്തോട് പ്രതികരിച്ച് റെവന്യൂ മന്ത്രി കെ രാജൻ. മന്ത്രിയുടെ ഓഫിസ് പട്ടിക കണ്ടിട്ടില്ലെന്നും കാണേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. അഭിപ്രായങ്ങൾ കേട്ടശേഷം ശരിയായ നിലപാട് സർക്കാർ സ്വീകരിക്കും. ഡി.ഡി.എം.എ കണ്ടിട്ടുള്ള പട്ടികയാണ് ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. രണ്ട് ഫേസിലും ഉൾപ്പെടുന്നവർക്ക് ഒരുമിച്ച് താമസം ആരംഭിക്കാനുള്ള നടപടികളാണ് സർക്കാർ എടുക്കുക. ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു.
പുനരധിവാസ നടപടിയിൽ ഒരാളെയും ഒഴിവാക്കില്ല. എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയാണ് അവസാനമായി ഉണ്ടാവുക. പരാതികൾ കേട്ട ശേഷമുള്ള പുതിയ ലിസ്റ്റ് ഡി.ഡി.എം.എ തന്നെ പുറത്തുവിടും. അതിലും പരാതിയുണ്ടെങ്കിൽ സർക്കാർ ഇടപെടും. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ലറിക്കൽ മിസ്റ്റേക്കുളളത് ഗൗരവമായ വിഷയമാണ്. ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധമുണ്ടായത്. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്. തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണ ആവര്‍ത്തിച്ചതും ചൂണ്ടികാട്ടിയിരുന്നു പ്രതിഷേധം. ഒരു വാര്‍ഡില്‍ മാത്രം 70 ഡബിള്‍ എന്‍ട്രിയാണ് വന്നിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു. ഇതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്.
അതേസമയം, വയനാട് പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. വൈകിട്ട് മൂന്ന് മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും. ജനുവരിയില്‍ ഗുണഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കാനാണ് തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മാണം എങ്ങനെ എന്നതടക്കം നാളെ ചര്‍ച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.