ജേക്കബ് തോമസിന് ചുട്ട മറുപടിയുമായി മന്ത്രി കടകംപള്ളി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയടക്കം സർക്കാർ നടപടികളെ പരിഹസിച്ച് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന് ചുട്ട മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ജേക്കബ് തോമസ് കഥയറിയാതെ ആട്ടം കാണുകയാണെന്നും ആർ.എസ്.എസ് നേതാവ് എ.എൻ. രാധാകൃഷ്ണെൻറ പൊലീസ് പതിപ്പാണ് അദ്ദേഹമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സേനയിൽ മിനിമം അച്ചടക്കം പോലും പാലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥൻ മറുപടി അർഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സന്നിധാനത്തെ പൊലീസ് നടപടിയെ വിമർശിച്ച ജേക്കബ് തോമസ് ബി.ജെ.പി പാളയത്തിലേക്കാണെന്ന് മനസ്സിലായി. അഴിമതി അന്വേഷണം നേരിടുന്ന ആളാണ് ജേക്കബ് തോമസ്. ഇങ്ങനെയുള്ള അഴിമതിക്കാർക്ക് ചേക്കേറാനുള്ള പാർട്ടിയാണ് ബി.ജെ.പിയെന്നും കാഞ്ഞങ്ങാട് റസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.
ആൾക്കൂട്ടമാണ് നിരോധനാജ്ഞക്ക് കാരണമെങ്കിൽ ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂർ ജങ്ഷനിലാണ് ആദ്യം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതെന്നായിരുന്നു ജേക്കബ് തോമസിെൻറ പരിഹാസം. നടപ്പാക്കാത്ത ധാരാളം സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ടല്ലോ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, കാത്തിരിക്കാം എന്നായിരുന്നു മറുപടി. തയാറാണെന്ന് അറിയിച്ച് യുവതികളിൽ ഒരുവിഭാഗം മുന്നോട്ടുവന്നിട്ടുണ്ടല്ലോ, അക്കാര്യങ്ങളെല്ലാം അവർക്ക് വിടുന്നതായിരിക്കും ഉചിതം. കേരളത്തിൽ അവിശ്വാസികൾ എന്നൊരു വിഭാഗം രൂപപ്പെട്ടിട്ടുണ്ടെന്നും ജേക്കബ് തോമസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.