‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി
text_fieldsതിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ പണം വാങ്ങി അനധികൃതമായി ഓടിക്കാൻ നൽകുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആ.ർസി ഉടമയുടെ ഭാര്യയ്‍ക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ് ഗതാഗത കമീഷണർ പറഞ്ഞത്. ഇക്കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ലെന്നും കളർകോട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗണേഷ് കുമാർ വ്യക്തമാക്കി.
‘‘ആരും തെറ്റിദ്ധരിപ്പിക്കാൻ നോക്കേണ്ട. ഇരുട്ട് കൊണ്ട് ആരും ഓട്ട അടയ്ക്കുകയും വേണ്ട. നിങ്ങൾക്ക് വാഹനം വാടകയ്ക്കു നൽകണമെങ്കിൽ നിയമപരമായി നൽകാം. ഇതിനായി റജിസ്ട്രേഷൻ ചെയ്യണം. അല്ലാതെ പാവം ടാക്സിക്കാരുടെ വയറ്റത്തടിക്കരുത്. ഓട്ടോക്കാരും ടാക്സിക്കാരും നികുതി അടച്ചാണ് വാഹനം ഓടിക്കുന്നത്. അവർ കള്ളടാക്സികൾ എന്ന് വിളിക്കുന്നത് വെറുതെയല്ല. അവരെ മണ്ടൻമാരാക്കി കൊണ്ടാണ് നികുതി അടയ്ക്കാത്ത ചില ആളുകൾ ഇത്തരം വാഹനങ്ങൾ ഓടിക്കാൻ കൊടുക്കുന്നത്. ഇതു തെറ്റു തന്നെയാണ്.
ആലപ്പുഴ കളർകോട് അപകടത്തിലും ഇതു തന്നെയാണ് നടന്നത്. ആ കാറിന്റെ ഉടമ എത്ര ഉച്ചത്തിൽ സംസാരിച്ചാലും പണം വാങ്ങിയാണു കുട്ടികൾക്ക് വാഹനം നൽകിയത്. അതു തെറ്റാണ്. ചുറ്റുപാടും താമസിക്കുന്നവരോട് പൊലീസും എം.വി.ഡിയും ചോദിക്കും. ആർ.സി ഉടമയുടെ ഭാര്യക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മീഷണർ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാൻ കൊടുക്കരുതെന്നാണ്. ശക്തമായ നടപടി എടുക്കും. അത് ചില്ലറ നടപടി ആയിരിക്കില്ല’’ –ഗണേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.