പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളുടെ ആനുകൂല്യങ്ങളിൽ കുടിശ്ശിക വരുത്തില്ല -ആദ്യമറുപടിയുമായി മന്ത്രി കേളു
text_fieldsതിരുവനന്തപുരം: മന്ത്രിയായി ചുമതലയേറ്റ ശേഷം നിയമസഭയിൽ ആദ്യത്തെ മറുപടി നൽകിയ മന്ത്രി ഒ.ആർ. കേളു. ചൊവ്വാഴ്ച ചോദ്യോത്തര വേള അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെയാണ് കേളുവിന് ഊഴം ലഭിച്ചത്. പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സംബന്ധിച്ച് മാണി സി. കാപ്പന്‍റേതായിരുന്നു ചോദ്യം.
വിദ്യാർഥികൾക്കുള്ള ഗ്രാന്റ് കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് മന്ത്രി മറുപടിയിൽ വ്യക്തമാക്കി. ആദ്യ മറുപടിക്കായി മന്ത്രി എഴുന്നേറ്റപ്പോൾ ഭരണപക്ഷാംഗങ്ങൾ ഡെസ്കിലടിച്ച് പിന്തുണ പ്രഖ്യാപിച്ചു.
വാർഷിക വരുമാനം 2.5 ലക്ഷം രൂപക്ക് മുകളിലുള്ള പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ സ്‌കോളർഷിപ് കേന്ദ്രം റദ്ദാക്കിയപ്പോൾ കേരളത്തിൽ പരിധിയില്ലാതെ നൽകിവരുകയാണെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. 2020-21 അധ്യയന വർഷം മുതൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്ന് കേന്ദ്രസർക്കാർ നിബന്ധനയേർപ്പെടുത്തി.
എന്നാൽ, സാങ്കേതിക സഹായം നൽകുന്നതിന് കേന്ദ്രം കാലതാമസം വരുത്തിയതുകാരണമാണ് സ്‌കോളർഷിപ് വിതരണത്തിൽ കുടിശ്ശികയുണ്ടാക്കിയത്. സാങ്കേതിക സഹായം ലഭ്യമായ ഉടൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്‌തു. 2024-25 വർഷം പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 223 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിൽ 46 കോടി രൂപ വിതരണം ചെയ്‌തുവെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.