പാലത്തായി പീഡനക്കേസിൽ ഇരയോടൊപ്പം നിൽക്കാത്ത മന്ത്രി കെ.കെ. ശൈലജയുടെ നടപടി ദുരൂഹം - ലതികാ സുഭാഷ്
text_fieldsപാനൂർ: പാലത്തായി പീഡനക്കേസിൽ ബി.ജെ.പി നേതാവായ പ്രതിയെ പോക്സോ വകുപ്പ് ചുമത്താതെ കേസിൽനിന്ന് രക്ഷിക്കാൻ പോലീസ് ശ്രമിക്കുമ്പോൾ ഇരക്ക് നീതി ലഭ്യമാക്കാൻ ഇടപെടാത്ത ആരോഗ്യ ശിശുക്ഷേമ മന്ത്രി കെ.കെ ശൈലജയുടെ നടപടി ദുരൂഹമാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ലതികാ സുഭാഷ്. പാലത്തായി പീഡന കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സഹായിച്ചത് ആഭ്യന്തര വകുപ്പാണ്. കേസിൽ പോക്സോ വകുപ്പ് ചേർക്കാതെ
കുറ്റപത്രം സമർപ്പിച്ചപ്പോൾ ഭാഗിക കുറ്റപത്രമാണിതെന്നും അന്വേഷണം പൂർത്തിയായാൽ പോക്സോ വകുപ്പ് ചേർത്ത് കുറ്റപത്രം സമർപ്പിക്കുമെന്ന് പറഞ്ഞ പൊലീസ് പ്രതിക്കൊപ്പം ചേരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.
സർക്കാറിൻെറ നിഗൂഢ രാഷ്ട്രീയ താൽപ്പര്യം കാരണം പല കേസുകളിലും കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പിഞ്ചുകുട്ടികളെ വേട്ടയാടുന്ന നരാധമന്മാർക്ക് സ്വൈര്യവിഹാരം നടത്താനുള്ള സാഹചര്യമൊരുക്കുന്നത് ഭരണകൂടത്തിൻെറ മനഃസാക്ഷിയില്ലാത്ത സമീപനം മൂലമാണ്.
പോക്സോ കേസുകളിൽ സമഗ്രാന്വേഷണം നടത്തി വേട്ടക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സർക്കാർ തയാറാവണം. സാമൂഹ്യ ക്ഷേമ മന്ത്രിക്ക് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നില്ലേ എന്നും സർക്കാർ സംവിധാനങ്ങളുടെ കൃത്യവിലോപം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുന്നത് കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും പാലത്തായിലെ ഇരയുടെ വീട് സന്ദർശിച്ചതിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ലതികാ സുഭാഷ് പറഞ്ഞു.
ലതികാ സുഭാഷിനൊപ്പം മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ജിഷ വള്ള്യായി, പ്രീത അശോകൻ, കെ.പി. ഹാഷിം, ടി.കെ. അശോകൻ, സി.കെ. രവി എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.