എം.പിയുടെ പട്ടയം റദ്ദാക്കൽ മന്ത്രിയുടെ അറിവോടെ; സി.പി.എമ്മിൽ അമർഷം
text_fieldsതൊടുപുഴ: ഇടുക്കി എം.പി ജോയിസ് ജോർജിെൻറ കൊട്ടക്കാമ്പൂരിലെ വിവാദഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പ് നടപടിയിൽ സി.പി.എമ്മിന് അമർഷം. ദേവികുളം സബ്കലക്ടറെ കുറ്റപ്പെടുത്തുന്ന നിലപാട് സി.പി.എം പ്രത്യക്ഷമായി സ്വീകരിക്കുേമ്പാഴും സി.പി.െഎ ഇതിൽ വലിയ പങ്കുവഹിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ. പട്ടയം റദ്ദാക്കൽ അനാവശ്യനടപടിയായിരുന്നെന്നും സി.പി.െഎ കൈയാളുന്ന റവന്യൂ വകുപ്പ്, എൽ.ഡി.എഫ് ജനപ്രതിനിധിയായ എം.പിക്ക് അവമതിപ്പുണ്ടാക്കുകയാണ് ചെയ്തതെന്നും സി.പി.എം വിമർശിക്കുന്നു.
എം.പിയുടെ കൊട്ടക്കാമ്പൂരിലെ വിവാദഭൂമി സംബന്ധിച്ച സബ്കലക്ടറുടെ റിപ്പോർട്ട് റവന്യൂ സെക്രട്ടറി പരിശോധിച്ച് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് പട്ടയം റദ്ദാക്കൽ നടപടിയിലേക്ക് കടന്നത്. എൽ.ഡി.എഫിനും സംസ്ഥാന സർക്കാറിനും രാഷ്ട്രീയ നഷ്ടമുണ്ടാക്കുന്ന നടപടി വേണമെങ്കിൽ സി.പി.െഎ മന്ത്രിക്ക് ഒഴിവാക്കാമായിരുന്നു. ഇതുണ്ടായില്ലെന്ന് മാത്രമല്ല അതിവേഗനടപടിയുണ്ടാകുകയും ചെയ്തു. രേഖകൾ തൃപ്തികരമല്ലെന്ന മറുപടി കിട്ടുകയും തുടർന്ന് നിയമനടപടിയിലൂടെ തുടർനടപടിക്ക് സ്റ്റേ വാങ്ങുകയും ചെയ്യുകയെന്ന തന്ത്രമാണ് പട്ടയം റദ്ദാക്കിയതിലൂടെ പാളിയത്. നടപടിക്ക് റവന്യൂ സെക്രട്ടറിയാണ് സബ്കലക്ടർക്ക് നിർദേശം നൽകിയത്. ഇതാകെട്ട റവന്യൂ മന്ത്രിയുടെ അറിവോടെയും. ജോയിസ് ജോർജിെൻറയും കുടുംബാംഗങ്ങളുടെയും പേരിലെ 20 ഉൾപ്പെടെ 25.43 ഏക്കർ ഭൂമിയുടെ പട്ടയമാണ് കഴിഞ്ഞ ദിവസം ദേവികുളം സബ്കലക്ടർ റദ്ദാക്കിയത്.
എം.പിയുടെ അടക്കം പ്രമുഖരുടെ കൊട്ടക്കാമ്പൂർ ഭൂമി ഇടപാട് രക്ഷിച്ചെടുക്കുന്നതിന് കർഷക സംഘത്തെ മുന്നിൽ നിർത്തി പാർട്ടി ഇടപെടൽ നടത്തി മുന്നോട്ട് നീങ്ങവെയാണ് സ്വന്തം സർക്കാറിൽനിന്ന് തന്നെ തലക്കടിയേറ്റ അനുഭവം. എം.പി കൈയേറ്റക്കാരനെന്ന ആരോപണത്തിന് മുദ്രവെക്കുന്ന നടപടിയാണ് പട്ടയം റദ്ദാക്കിയതിലൂടെ റവന്യൂ വകുപ്പ് നടത്തിയതെന്ന് സി.പി.എം ജില്ല നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു.
മുന്നണി താൽപര്യങ്ങൾക്ക് വിരുദ്ധമായ സി.പി.െഎ സമീപനമാണ് ഇതിനു പിന്നിൽ. ഇടുക്കിയിലെ ഏത് ഭൂമിയുടെ ചരിത്രം പരിശോധിച്ചാലും ഇത്തരം അപാകതകൾ കാണുമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളെ ഇങ്ങനെ കൈകാര്യം െചയ്യുന്നത് ഗുണകരമാകില്ലെന്നും മന്ത്രി എം.എം. മണിയടക്കം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
അതേസമയം, സാമാന്യനീതി നിഷേധിച്ചെന്നും തെൻറ ഭാഗം പറയാൻ അവസരം നൽകിയില്ലെന്നുമുള്ള എം.പിയുടെ വാദം തള്ളുകയാണ് റവന്യൂ വകുപ്പ്. മൂന്ന് വട്ടമാണ് എം.പിക്ക് രേഖകൾ ഹാജരാക്കാൻ അവസരം നൽകിയത്. ഒരിക്കൽപോലും ഹാജരായില്ല. ഏറ്റവും ഒടുവിൽ അഭിഭാഷകൻ വഴി നൽകിയ രേഖകളാകെട്ട നിരപരാധിത്വം സാധൂകരിക്കുന്നതുമല്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, സി.പി.െഎ ഇടുക്കി ജില്ല നേതൃത്വം കൊട്ടക്കാമ്പൂർ ഭൂമി ഇടപാടിൽ സബ്കലക്ടർ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. എന്നാൽ, പ്രതി എം.പിയല്ല മുൻ ഇടപാടുകാരാണെന്നും ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറയുന്നു. എം.പിക്കെതിരായ നീക്കങ്ങൾ നിയമപരമായി നേരിടുമെന്നാണ് സി.പി.എം ജില്ല സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറയുന്നത്.
ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറാണ് പട്ടയം റദ്ദാക്കിയത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നോമിനിയായി സി.പി.എം സീറ്റിൽ സ്വതന്ത്രനായി മത്സരിച്ചാണ് ജോയിസ് ജോർജ് എം.പിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.