പാലക്കാട് നാളെ സർവകക്ഷിയോഗം, മന്ത്രി കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും
text_fieldsപാലക്കാട്: ഇരട്ട കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നാളെ സർവകക്ഷിയോഗം ചേരാൻ തീരുമാനം. വൈകീട്ട് 3.30ന് പാലക്കാട് കലക്ടറേറ്റ് കൺഫറൻസ് ഹാളിൽ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുകയെന്ന് ജില്ല കലക്ടർ അറിയിച്ചു.
അതേസമയം, പൊലീസിന്റെ ഉന്നതതല യോഗം പാലക്കാട് തുടങ്ങി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ എസ്.പി ഓഫീസിലാണ് യോഗം ചേരുന്നത്. ഐ.ജി അശോക് യാദവ് അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നു.
സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയില്‍ ഏപ്രില്‍ 20ന് വൈകീട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര് ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല.
പാലക്കാട് നഗരത്തിൽ മൂന്ന് കമ്പനി പൊലീസിനെക്കൂടി വിന്യസിച്ചു. നഗരത്തിൽ കൂടുതൽ പൊലീസ് പിക്കറ്റുകൾ ഏർപ്പെടുത്തി. പൊലീസ് കരുതൽ കസ്റ്റഡി ഉൾപ്പെടെ നടപടികളിലേക്ക് കടന്നു. സമൂഹ മാധ്യമങ്ങളും സൈബർ പൊലീസ് നിരീക്ഷണത്തിലാക്കി.
നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ വലിയങ്ങാടി, മേലാമുറി ഭാഗങ്ങളിൽ കടകമ്പോളങ്ങൾ അടച്ചു. പാലക്കാട് തുടർ കൊലപാതകങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലേക്കും ഡി.ജി.പി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.