എൻജിനീയർമാർക്കെതിരെ മന്ത്രി ജലീലിെൻറ ‘കുറ്റപത്രം’
text_fieldsകോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാർക്കെതിരെ ‘കുറ്റപത്ര’വുമായി വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍. കോടികളുടെ പദ്ധതി അനുവദിച്ചിട്ടും സമയബന്ധിതമായി നടപ്പാക്കാത്ത ഉദ്യോഗസ്ഥരെയാണ് മന്ത്രി ശാസിച്ചത്. യഥാസമയം പ്രവൃത്തി നടത്തിയവരെ പ്രശംസിക്കുകയും ചെയ്തു. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ നടപടി.
മികച്ച പ്രവര്‍ത്തനം കാഴ്ചെവച്ചവരെയും മോശം പ്രകടനക്കാരെയും സദസ്സില്‍ വിളിച്ചായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം. പദ്ധതിക്കായി അനുവദിച്ച തുക ചെലവഴിക്കാത്തവര്‍ക്ക് താക്കീത് നല്കി. സ്വന്തം നാട്ടില്‍ തന്നെ എന്‍ജിനീയറായി ജോലിചെയ്തിട്ടും കൃത്യമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തവരെ സ്ഥലം മാറ്റുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാൻ നിര്‍ദേശിച്ചു. എന്‍ജിനീയര്‍മാരുടെ എണ്ണം കുറവുള്ള ഉത്തരമേഖലയില്‍നിന്ന് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച ഉത്തരവ് മരവിപ്പിച്ചു. ഫണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഓരോ എന്‍ജിനീയറുടെയും പ്രവര്‍ത്തനങ്ങൾ വിലയിരുത്തിയത്.
ഉത്തരമേഖലയിലെ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട അസി. എന്‍ജിനീയര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരുടെ പ്രവര്‍ത്തന മികവാണ് പരസ്യമായി വെളിപ്പെടുത്തിയത്. മികച്ച രീതിയില്‍ ഫണ്ട് ചെലവഴിച്ചവരെ പ്രത്യേകമായി വിളിച്ചുവരുത്തി സദസ്സിനു പരിചയപ്പെടുത്തിയ ശേഷമായിരുന്നു പദ്ധതികള്‍ നടപ്പാക്കാതിരുന്നവരെ ശാസിച്ചത്. കൂടുതല്‍ തുക ചെലവഴിച്ചവര്‍ക്കും ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ചവര്‍ക്കും പറയാനുള്ള കാരണങ്ങളും മന്ത്രി കേട്ടു.
നഗരസഭകളിൽ കെട്ടിടനിര്‍മാണ അനുമതി സോഫ്റ്റ്വെയർ ഇൗ വർഷം
കോഴിക്കോട്: സംസ്ഥാനത്തെ 93 നഗരസഭകളിലും കെട്ടിടനിര്‍മാണ അനുമതിക്കായുള്ള സോഫ്റ്റ്വെയര് ഈ വര്‍ഷം യാഥാർഥ്യമാക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. തദ്ദേശ ഭരണ വകുപ്പിെൻറ ജനകീയാസൂത്രണ പദ്ധതി ഉത്തരമേഖല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം എല്ലാ പഞ്ചായത്തുകളിലും സോഫ്റ്റ്വെയര് യാഥാർഥ്യമാക്കും.
തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ കുറവുകള്‍ ഈ മാസത്തോടെ നികത്തും. 4500 ഓളം വരുന്ന എന്‍ജിനീയര്‍ തസ്തികയില്‍ ഇതിനകം നിയമനം നടന്നിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍ക്കെതിരേ നിരവധി പരാതികളാണുയരുന്നത്. സമയത്ത് വരില്ലെന്നാണ് പഞ്ചായത്ത് പ്രസിഡൻറുമാരുടെ പരാതി. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് എന്‍ജിനീയര്‍മാരെ പഞ്ചായത്ത് സെക്രട്ടറിക്ക് കീഴിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.