ബാർ കോഴ: പണപ്പിരിവിന് ശ്രമിച്ചാൽ നടപടി; ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കും -മന്ത്രി എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: ബാർ ഉടമകളുടെ സംഘടനാ നേതാവിന്‍റെ ശബ്ദസന്ദേശത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മദ്യനയം സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ പോലും നടന്നിട്ടില്ല. പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം തെറ്റായ പ്രവണതകളെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
മദ്യനയം അനുകൂലമായി മാറ്റാൻ ഓരോ ബാറുടമയും 2.5 ലക്ഷം രൂപ വീതം നൽകണമെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ഇടുക്കി ജില്ല പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശം മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇടുക്കി ജില്ലയിലെ അസോസിയേഷൻ അംഗങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം പോസ്റ്റ് ചെയ്തിട്ടുള്ളത്.
വ്യാഴാഴ്ച എറണാകുളത്ത് ചേർന്ന അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന്റെ തീരുമാനമെന്ന നിലയിലാണ് പണപ്പിരിവെന്ന് ശബ്ദസന്ദേശത്തിലുള്ളത്. ''ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കുക, ബാറുകളുടെ പ്രവർത്തന സമയം കൂട്ടുക, അടുത്ത കാലത്ത് തുടങ്ങിയ പുതിയ എക്സൈസ് പരിശോധനകൾ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾക്ക് കൊടുക്കേണ്ടവർക്ക് പണം കൊടുക്കണമെന്നാണ്'' ശബ്ദ സന്ദേശത്തിൽ പറയുന്നത്.
ഒരു ബാർ ഹോട്ടലുകാരിൽ നിന്ന് രണ്ടര ലക്ഷം രൂപവീതം പിരിക്കാൻ അസോസിയേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ, പല ബാർ ഉടമകളും പിരിവ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് അംഗങ്ങൾ പിരിവ് നൽകണമെന്ന സംഘടനയുടെ കർശനനിർദേശം സംസ്ഥാന ഭാരവാഹി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന നിർദേശം ഇതിനകം തന്നെ സംസ്ഥാന സർക്കാറിന് മുമ്പാകെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗം നൽകിയ ശിപാർശകളിൽ ഒന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.