ലൈഫ് മിഷനിൽ അനിൽ അക്കരക്ക് മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്; ‘കത്ത് സര്‍ക്കാര്‍ വാദം സാധൂകരിക്കുന്നത്’
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ പ്രതിപക്ഷം ഉന്നയിച്ച അപവാദ പ്രചാരണങ്ങളെ കുഴിച്ചു മൂടുന്നതാണ് വെള്ളിയാഴ്ച കോൺഗ്രസ് നേതാവ് അനിൽ അക്കര പുറത്തുവിട്ട കത്തെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. സർക്കാർ നിലപാടുകളെ സാധൂകരിക്കുന്നതാണ് കത്ത്. സ്വയം കുഴി കുഴിച്ച് അപവാദപ്രചാരണങ്ങളെ കുഴിച്ചു മൂടിയതിൽ സർക്കാറിനു സന്തോഷമുണ്ട്. അതിനാൽ പ്രതിപക്ഷം ജനങ്ങളോട് മാപ്പുപറയണമെന്നും എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വടക്കാഞ്ചേരിയിൽ ഭവനസമുച്ചയം നിർമിച്ച യൂനിടാക്കുമായി ലൈഫ് മിഷൻ ഒരു കരാറും വെച്ചിട്ടില്ലെന്ന് അനിൽ അക്കര പുറത്തുവിട്ട കത്തിൽ പറയുന്നുണ്ട്. യൂനിടാക്കുമായി കരാർ ഒപ്പുവെച്ചതും പൈസ കൊടുത്തതും യു.എ.ഇയിലെ റെഡ്ക്രസന്റാണ്. വിദേശനാണ്യ വിനിമയ ചട്ടം സർക്കാർ ലംഘിച്ചിട്ടില്ല.
യൂനിടാക്കും റെഡ് ക്രസന്റുമായുള്ള കരാറിന്റെ വിവരങ്ങൾ സർക്കാറിന് അറിയില്ലായിരുന്നു. അവരുമായി യാതൊരു സാമ്പത്തിക ബാധ്യതയും സർക്കാറിനില്ലെന്നും അനിൽ പുറത്തുവിട്ട കത്തിൽ വ്യക്തമാണ്. വീടുകൾ നിർമിക്കാൻ റെഡ് ക്രസന്റിനുവേണ്ടി മാത്രം സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
ദുരിതാശ്വാസത്തിന്റെ ഭാഗമായി വിവിധ സംഘടനകൾ നിരവധി വീടുകൾ വെച്ചുകൊടുത്തിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെ വീടുവെക്കുക എന്നത് നേരത്തെയുള്ള സർക്കാർ നയമാണ്. റെഡ് ക്രസന്റിന്റെ വാഗ്ദാനം സർക്കാർ സ്വീകരിച്ചെങ്കിലും പണം വാങ്ങിയില്ല. ലൈഫ് പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വീടുവെച്ചത്.
ഗുണനിലവാര പരിശോധന സർക്കാർ ഉറപ്പാക്കി. കരാര്‍ തുക വിനിയോഗത്തില്‍ പൊതുസേവകന്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തിവരുകയാണ്. സർക്കാർ ഇക്കാര്യത്തിൽ കക്ഷിയല്ല. ഭൂമി വിട്ടുകൊടുത്ത് നിർമാണത്തിന് മേൽനോട്ടം വഹിക്കുകയാണ് സർക്കാർ ചെയ്തത്. സ്പോൺസർഷിപ്പിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനത്തിന്റെ പ്രശ്നമില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.