മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ 1.6 കോടി രൂപ പിഴ ചുമത്തിയെന്ന് മന്ത്രി എം.ബി രാജേഷ്
text_fieldsകൊച്ചി: മാലിന്യം വലിച്ചെറിഞ്ഞവര്‍ക്കെതിരെ 1.6 കോടി രൂപ പിഴ ചുമത്തിയെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 2024ല്‍ കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
കേരളത്തെ സമ്പൂണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുന്നതിന് ആരംഭിച്ച മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തില്‍ ഖരമാലിന്യ പരിപാലന പദ്ധതിയിലൂടെ നിര്‍ണായക ചുവടുവയ്പാണ് നടത്തുന്നത്. ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതിയുടെ ഒന്നാം ഘട്ടത്തിലൂടെ വലിയ നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചത്. കര്‍മ്മ പദ്ധതി വഴി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുഖേനയുള്ള വാതില്‍പ്പടി അജൈവ മാലിന്യ ശേഖരണം 30 ശതമാനം വര്‍ധിച്ചു. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം 26,000 ത്തില്‍ നിന്ന് 33300 ആയി വര്‍ദ്ധിച്ചു. കേരളത്തിന്റെ മാലിന്യ സംസ്‌കാരണ രംഗത്തെ മുന്നണി പോരാളികളായാണ് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്മപുരം പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ മാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തില്‍ കാര്യമായി ഒന്നും നടക്കില്ല എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ട് ആ ധാരണ തിരുത്താന്‍ കഴിഞ്ഞു. കൊച്ചിയില്‍ 23 കണ്ടെയ്‌നര്‍ എം.സി. എഫുകളാണ് സ്ഥാപിച്ചത്. ഇതുവഴി 750 ടണ്‍ മാലിന്യം ശേഖരിച്ച് നീക്കാന്‍ കഴിഞ്ഞു.
പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് അറിയിക്കാന്‍ വാര്‍ റൂം ആരംഭിച്ചിരുന്നു. വാര്‍ റൂമില്‍ അറിയിച്ച 5965 പരാതികളില്‍ 5463 സ്ഥലങ്ങള്‍ വൃത്തിയാക്കുവാന്‍ കഴിഞ്ഞു.
അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കുന്നുണ്ട്. ഇതുവരെ 1.6 കോടി രൂപ പിഴ ചുമത്തി. മാലിന്യം തള്ളുന്നവര്‍ക്കെതിരെ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികവും നല്‍കുന്നുണ്ട്. ഇതോടെ വഴിയില്‍ മാലിന്യം തള്ളുന്നത് ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.