'ഇതുവരെയുള്ള സമീപനമായിരിക്കില്ല ഇനി'; മാലിന്യ പ്ലാന്‍റുകൾക്ക് നേരെയുള്ള എതിർപ്പുകളെ വിട്ടുവീഴ്ചയില്ലാതെ നേരിടും -മന്ത്രി എം.ബി. രാജേഷ്
text_fieldsതിരുവനന്തപുരം: മാലിന്യ പ്ലാന്റുകളോടുള്ള എതിര്‍പ്പില്‍ ഇതുവരെയുള്ള സമീപനമല്ല ഇനി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. പ്ലാന്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെ നടപ്പാക്കണമെന്ന് അറിയാം. എതിര്‍പ്പുകളെ നേരിടേണ്ട രീതിയില്‍ തന്നെ നേരിടാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭ വികസന സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ മാലിന്യനിർമാർജന നീക്കം പൂർണമായും തടസപ്പെട്ടു എന്ന രീതിയിൽ പ്രചാരണങ്ങളും ശക്തമാണ്. ഇന്നലെ ഗ്രീൻ ട്രിബ്യുണൽ കൊച്ചി കോർപറേഷന് നൂറുകോടി രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ഇതേ ഹരിത ട്രിബ്യൂണൽ തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അഭിനന്ദിച്ചിരുന്നു. അതൊന്നും വർത്തയായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
മാലിന്യപ്ലാന്റുകൾക്കെതിരെ സമരം ചെയ്യുന്നവരോടുള്ള എതിർപ്പ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ പലരീതിയിൽ പ്രകടിപ്പിച്ചിരുന്നതാണ്. കോതിയിലും ആവിക്കലിലുമടക്കം ഇതേ സമീപനം തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ഇത്തരം പ്രക്ഷോഭങ്ങളെ ഭയന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങില്ലെന്ന സൂചന കൂടിയാണ് എം.ബി. രാജേഷ് നൽകിയിരിക്കുന്നത്.
ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ സാമൂഹ്യപ്രത്യാഘാതങ്ങളിലും സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്തെത്തിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്പറേഷന് 100 കോടി രൂപ പിഴയിടുകയും ചെയ്തു. പിഴത്തുക ഒരു മാസത്തിനകം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറണം. ദിവസങ്ങൾ മാലിന്യം കത്തിയത് മൂലമുണ്ടായ പരിസ്ഥിതി നാശത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും ഉചിതമായ പരിഹാരത്തിനായി ഈ തുക ഉപയോഗിക്കണം. തീപിടിത്തത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും വകുപ്പുതല നടപടികളും ചീഫ് സെക്രട്ടറി സ്വീകരിക്കണം. ഇതു രണ്ടു മാസത്തിനകം പരസ്യപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. വെള്ളിയാഴ്ച കേസിൽ വാദം കേൾക്കവെ, സംസ്ഥാന സർക്കാറിനെതിരെ എൻ.ജി.ടി രൂക്ഷവിമർശനം നടത്തുകയും 500 കോടി രൂപ വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.