ഗവർണർക്കുള്ള മറുപടി പോസ്റ്റ് പിൻവലിച്ച് മന്ത്രി രാജേഷ്
text_fieldsതിരുവനന്തപുരം: ഗവർണറുടെ ട്വീറ്റ് വിവാദത്തിൽ സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയ പോസ്റ്റ് പിൻവലിച്ച് മന്ത്രി എം.ബി. രാജേഷ്. പിന്നാലെ, സി.പി.എം പോളിറ്റ് ബ്യൂറോ ഈ വിഷയത്തിൽ പുറപ്പെടുവിച്ച വാർത്തക്കുറിപ്പ് പോസ്റ്റ് ചെയ്യുകയും ചെയ്തു. പാർട്ടി നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് പോസ്റ്റ് പിൻവലിച്ചതെന്ന് സൂചനയുണ്ട്.
വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ആരെയും അന്തസ്സോടെ വിമർശിക്കാൻ അവകാശം എല്ലാവർക്കുമുണ്ടെന്നും എം.ബി. രാജേഷ് ആദ്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വൈസ്ചാൻസലറെ ക്രിമിനലെന്നും 90 വയസ്സ് കഴിഞ്ഞ ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ തെരുവുഗുണ്ടയെന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല.
ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്കാരമല്ല. ജനാധിപത്യത്തിൽ ഗവർണറുടെ 'പ്ലഷർ' എന്നത് രാജവാഴ്ചയിലെ രാജാവിന്റെ 'അഭീഷ്ടം' അല്ല. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീംകോടതി വിധികളും ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
ഗവർണറുടെ പേരിൽ ട്വീറ്റ് തയാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കമേൽപിക്കുന്നത്. അവരെ ഗവർണർ കരുതിയിരിക്കുന്നത് നന്നാകുമെന്നും ആദ്യ പോസ്റ്റിൽ മന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.