‘ആദ്യം സി.പി.എമ്മിലേക്ക് ക്ഷണം, സന്ദീപ് വാര്യർ എത്തിയത് കോൺഗ്രസിൽ, പിന്നാലെ വർഗീയതയുടെ കാളിയനെന്ന് വിമർശനം’; ചർച്ചയായി മന്ത്രി രാജേഷിന്‍റെ പ്രതികരണങ്ങൾ
text_fieldsകോഴിക്കോട്: ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തുവന്ന സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത മന്ത്രി എം.ബി രാജേഷ്, കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ സന്ദീപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയതിന് പിന്നാലെ നവംബർ നാലിനാണ് സന്ദീപ് വാര്യരെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയത് മന്ത്രി രാജേഷ് രംഗത്തെത്തിയത്.
ഇതുവരെ പിന്തുടർന്ന ബി.ജെ.പി രാഷ്ട്രീയം ഉപേക്ഷിക്കുന്നവെങ്കിൽ സന്ദീപിനെ സ്വീകരിക്കുന്നതിൽ തടസമില്ലെന്നാണ് മന്ത്രി രാജേഷ് വാർത്താ ചാനലിനോട് വ്യക്തമാക്കിയത്. നിലപാട് എന്തെന്ന് വ്യക്തമാക്കിയാൽ മാത്രമേ ബാക്കി കാര്യം പറയാൻ സാധിക്കൂ. സന്ദീപ് വാര്യർ എന്ന വ്യക്തിയോടല്ല ശത്രുതയും എതിർപ്പും, നിലപാടിനോടാണ്. നിലപാട് ഉപേക്ഷിക്കുമോ എന്നാണ് അറിയേണ്ടത്. കൗതുകത്തോടെയാണ് നിലപാടിനെ വീക്ഷിക്കുന്നത്. അപ്പുറത്ത് നിൽക്കുന്നവരുടെ നിലപാട് തിരുത്തി ഞങ്ങൾക്കൊപ്പം കൊണ്ടു വരാനും ഞങ്ങളുടെ പാർട്ടി വളർത്താനുമാണ് ശ്രമിക്കുന്നതെന്നാണ് മന്ത്രി രാജേഷ് അന്ന് പറഞ്ഞത്.
അഭ്യൂഹങ്ങൾക്ക് അന്ത്യംകുറിച്ച് കൊണ്ട് സന്ദീപ് വാര്യർ ഇന്നാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. സന്ദീപിന്‍റെ കോൺഗ്രസ് പ്രവേശന വാർത്തയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോടാണ് വർഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ കൊണ്ടു നടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് മന്ത്രി രാജേഷ് പ്രതികരിച്ചത്. സന്ദീപ് വാര്യരെ സി.പി.എമ്മിൽ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
'വർഗീയതയുടെ കാളിയനെ കഴുത്തിലണിഞ്ഞ് ഒരു അലങ്കാരമായി കൊണ്ടു നടക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂ. നൂറുകണക്കിന് വിദ്വേഷ പ്രസ്താവനകൾ നടത്തിയ ഒരാളെ കോൺഗ്രസ് തലയിൽ ചുമന്ന് നടക്കട്ടെ. ഞങ്ങൾക്കതിൽ ഒരു പരിഭവവുമില്ല. അത്തരമൊരാളെ സി.പി.എമ്മിലേക്ക് എടുക്കുന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. വർഗീയതയുടെ കാര്യത്തിൽ പാർട്ടി ഒരിഞ്ചു പോലും വിട്ടുവീഴ്ച ചെയ്യില്ല.
പള്ളിപൊളിച്ചിടത്തേക്ക് വെള്ളി ഇഷ്ടിക സംഭാവന ചെയ്ത പാര്‍ട്ടിക്ക് നല്ല മുതല്‍ക്കൂട്ടായിരിക്കും. എ.കെ ബാലന്‍ ആരെക്കുറിച്ചും മോശം പറയാത്തയാളാണ്. ബാലേട്ടന്‍ ഒരു നല്ല മനുഷ്യനായതു കൊണ്ട് സന്ദീപ് വാര്യരെ കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിക്കാതിരുന്നതാണ്. എല്ലാവരും വി.ഡി സതീശനെ പോലെ മോശം വാക്കുകള്‍ ഉപയോഗിക്കാറില്ല.
വര്‍ഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് താന്‍ പറഞ്ഞത്. കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികള്‍ക്ക് മുസ് ലിം ലീഗിനൊക്കെ കൊണ്ടു നടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യര്‍. കെ. മുരളീധരനെ ബി.ജെ.പിക്ക് വേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയി വിദ്വേഷ പ്രചാരകനെ സ്വന്തം പാര്‍ട്ടിയിലെടുത്തത്'-എന്നായിരുന്നു മന്ത്രി രാജേഷിന്റെ പ്രതികരണം
സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് സി.പി.എമ്മിലേക്ക് വന്നാൽ സ്വീകരിക്കുമെന്നായിരുന്നു മുതിർന്ന സി.പി.എം നേതാവ് എം.കെ. ബാലൻ അടക്കമുള്ളവർ നേരത്തേ വ്യക്തമാക്കിയിരുന്നത്. ബി.ജെ.പിയോട് ഇടഞ്ഞ സന്ദീപ് വാര്യർ ഇടതിനോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചപ്പോഴായിരുന്നു സി.പി.എം നേതാക്കളുടെ ഈ പ്രതികരണം. പിന്നീട് സി.പി.എമ്മിലേക്കല്ല, സന്ദീപ് സി.പി.ഐയിലേക്കാണെന്ന തരത്തിൽ വാർത്ത പരന്നു. ഇതെല്ലാം തള്ളിയാണ് സന്ദീപ് വാര്യർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.