മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജിവെക്കണം -ചെന്നിത്തല
text_fieldsകൊല്ലം: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കല്‍ കമ്പനിക്ക് വിറ്റ് കാശാക്കാനും മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാനും വേണ്ടി സര്‍ക്കാര്‍ നടത്തിയ വന്‍ഗൂഢാലോചനയാണ് പുറത്തുവന്നത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ വസ്തുതാപരമായ മറുപടി നല്‍കാന്‍ മന്ത്രിക്ക് സാധിച്ചിട്ടില്ല. 2018 ന്യൂയോര്‍ക്കില്‍ വെച്ച് ഇ.എം.സി.സിയുമായി മന്ത്രി ചര്‍ച്ച നടത്തി എന്നത് സത്യമാണ്. കമ്പനി പ്രതിനിധികളുമായി ക്ലിഫ് ഹൗസിൽ എത്തി വിശദമായ ചര്‍ച്ച നടത്തുകയും പദ്ധതിരേഖ ആവശ്യപ്പെടുകയും ചെയ്തിട്ട് മത്സ്യനയത്തിന് വിരുദ്ധമായതിനാല്‍ അവരെ തിരിച്ചയച്ചുവെന്ന് പറയുന്നത് നുണയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ രൂപരേഖ നല്‍കിയപ്പോള്‍ മത്സ്യനയത്തിന് എതിരാണെന്ന് എന്തുകൊണ്ടാണ് പറയാതിരുന്നത്, മുഖ്യമന്ത്രിയെ കാണാന്‍ എന്തിനാണ് കമ്പനി പ്രതിനിധികളെ ക്ലിഫ് ഹൗസില്‍ കൊണ്ടുപോയത്, മത്സ്യനയത്തിന് വിരുദ്ധമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രിക്കും ഫിഷറീസ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനും എന്തുകൊണ്ട് ബോധ്യപ്പെട്ടില്ല തുടങ്ങിയ ചോദ്യങ്ങൾ ചെന്നിത്തല ഉന്നയിച്ചു. കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ച് കേന്ദ്രത്തിന് കത്ത് അയച്ചത് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായല്ലേ എന്നും ചെന്നിത്തല ചോദിച്ചു.
സംസ്ഥാനത്തിന്‍റെ മത്സ്യസമ്പത്ത് കൊളളയടിക്കാനുളള നീക്കം പ്രതിപക്ഷം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ സർക്കാർ അംഗീകാരം നൽകുമായിരുന്നു. വിദേശ കമ്പനിക്ക് ഒത്താശ ചെയ്തു കൊടുക്കാന്‍ ശ്രമിച്ചിട്ട് പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. കരാര്‍ പിന്‍വലിച്ചതു കൊണ്ട് കാര്യമില്ല. കെ.എസ്.ഡി.ഐ.സിയുമായി നടത്തിയ 5,000 കോടിയുടെ ധാരണാപത്രവും റദ്ദാക്കണം. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കാളികളായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.