സി.പി.ഐയുടെ പ്രവർത്തനം പ്രത്യേക മുന്നണി പോലെയെന്ന് എം.എം മണി
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സി.പി.ഐക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇടുക്കി ജില്ലയിലെ സി.പി.എം നേതാവും മന്ത്രിയുമായ എം.എം മണി. ഒരു പ്രത്യേക മുന്നണി പോലെയാണ് സി.പി.ഐയുടെ പ്രവർത്തനമെന്ന് മണി ആരോപിച്ചു.
മുഖ്യമന്ത്രി അറിയാതെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ അന്വേഷണം നടത്തുന്നു. മുഖ്യമന്ത്രിയോട് ആലോചിക്കാതെ 144 പ്രഖ്യാപിക്കുക. ഇത് എവിടെ നടക്കുന്ന കാര്യമാണ്. എന്നിട്ടും മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സി.പി.എം നിലകൊണ്ടെന്നും മണി പറഞ്ഞു.
ജോയിസ് ജോർജിന്‍റെ പട്ടയം റദ്ദാക്കിയത് ബോധപൂർവമാണ്. തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് ഭരണത്തിൽ ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ഈ സർക്കാറിലൂടെ സി.പി.ഐ ചെയ്ത് കൊടുക്കുന്നു. സി.പി.ഐ നടപടി കോൺഗ്രസിനെ സഹായിക്കാനായി കരുതികൂട്ടി ചെയ്തതാണെന്നും എം.എം മണി കുറ്റപ്പെടുത്തി.
സി.പി.ഐ വിഴുപ്പ് തന്നെയാണ്. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത സി.പി.എമ്മിനില്ല. മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ് റവന്യൂ വകുപ്പിന്‍റെ പ്രവർത്തനം. ഇനിയും യോജിപ്പ് വേണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസവും സി.പി.ഐക്കെതിരെ രൂക്ഷവിമർശനങ്ങളുമായി എം.എം മണി രംഗത്തു വന്നിരുന്നു. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ല. തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം മര്യാദ കേടാണെന്നുമാണ് എം.എം. മണി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.