തീവ്ര മഴ പ്രതിരോധിക്കാൻ പുതിയ റോഡ് നിർമാണ രീതികൾ അവശ്യമെന്ന് മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: റോഡ് നിർമാണത്തിൽ പുതിയ രീതികൾ അവലംബിക്കേണ്ടത് അവശ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഴ പെയ്യുന്ന രീതി മാറിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്ര മഴയാണ് ലഭിക്കുന്നത്. ഈ വലിയ അളവിൽ ജലത്തെ ഉൾക്കൊള്ളാൻ ഭൂമിക്കോ റോഡരികിലെ ഓടകൾക്കോ സാധിക്കുന്നില്ല. ഇത് അതിജീവിക്കാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുത്തൻ നിർമാണ രീതികൾ വേണം.
കാലാവസ്ഥവ്യതിയാനം പ്രതിരോധിക്കുന്ന പുത്തൻ നിർമാണരീതികളെക്കുറിച്ച് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (കെ.എച്ച്.ആർ.ഐ) ഐ.ഐ.ടി പാലക്കാടും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ഉയർന്ന ജനസാന്ദ്രതയും വലിയ തോതിലുള്ള വാഹനപ്പെരുപ്പവും ചേരുന്നതോടെ റോഡ് പരിപാലനം വെല്ലുവിളിയായി മാറുകയാണ്.
ദീർഘകാലം നിലനിൽക്കുന്ന, സുസ്ഥിരമായതും ചെലവ് കുറഞ്ഞതുമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണ രീതിയാണ് അഭികാമ്യം -മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ അധ്യക്ഷത വഹിച്ചു. നവീകരിച്ച കെ.എച്ച്.ആർ.ഐ വെബ്സൈറ്റ്, സുവർണ ജൂബിലി സുവനീർ എന്നിവ മന്ത്രി പ്രകാശനം ചെയ്തു. സെമിനാർ ശനിയാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.