ജമാഅത്ത്-ആർ.എസ്.എസ് ചർച്ചയിൽ യു.ഡി.എഫിന് മൗനം; മുസ്‍ലിംകളുടെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്‍ലാമിക്കില്ല -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsജമാഅത്തെ ഇസ്‍ലാമി ആർ.എസ്.എസുമായി നടത്തിയ ചർച്ചയിൽ യു.ഡി.എഫ് മൗനം പാലിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസ്. ലീഗും കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. ചർച്ച ഗൗരവത്തിൽ കാണണം. ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കണം. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിംകളുടെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്‍ലാമിക്ക് ഇല്ലെന്നും റിയാസ് പറഞ്ഞു.
യു.ഡി.എഫിൽ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് നേതൃത്വം കൈക്കൊള്ളുന്നത്. ഇസ്‍ലാം വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്‍ലാമിക്ക് ആരും നൽകിയിട്ടില്ല. ജനങ്ങൾ മതനിരപേക്ഷ മനസുള്ളവരാണ്. കേരളമാകെ കൂടിക്കാഴ്ചക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ല എന്നത് വ്യക്തമാണെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പരസ്യമായി രംഗത്തുവന്നിരുന്നു. സി.പി.എം ജാഥയിലും മുഖ്യവിഷയം ആർ.എസ്.എസ്-ജമാഅത്ത് ചർച്ചയായിരുന്നു. അതേസമയം, ജമാഅത്തെ ഇസ്‍ലമാിയല്ല ചർച്ച നടത്തിയതെന്നും രാജ്യത്തെ പ്രമുഖ മുസ്‍ലിം സംഘടനകൾക്കൊപ്പം ജമാഅത്തും ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു എന്ന് ജമാഅത്ത് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കി. ചർച്ചയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും രാഷ്ട്രീയ തിരക്കഥയാണ് ഇതിനുപിന്നിലെന്നും ജമാഅത്ത് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.