‘ബി.ജെ.പിയുടെ പിന്തുണ മെയ്തികൾക്കുണ്ടെന്ന് മോദിജി അറിഞ്ഞോ ആവോ!’; മണിപ്പൂർ വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകോഴിക്കോട്: മണിപ്പൂരിൽ കുക്കി വിഭാഗം സ്ത്രീകൾക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങളിൽ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഭരണകക്ഷിയായ ബി.ജെ.പിയുടെ പരിപൂർണ പിന്തുണയുള്ളവരാണ് മെയ്തികളെന്നത് മോദിജി അറിഞ്ഞോ എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകൾക്ക് നേരേ നടക്കുന്ന ഹീനമായ ലൈംഗികാക്രമണങ്ങൾ ഉൾപ്പെടെ മണിപ്പൂരിൽ അരങ്ങേറുന്ന കലാപത്തിന്‍റെ യഥാർഥ ചിത്രം ബി.ജെ.പിക്ക് നന്നായി അറിയാം. എത്ര മൂടിവച്ചാലും സത്യങ്ങൾ സത്യങ്ങളായി തന്നെ പുറത്തുവരുമെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
മന്ത്രി മുഹമ്മദ് റിയാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഒടുവിൽ, പ്രധാനമന്ത്രിക്ക് വേദനിച്ചിരിക്കുന്നു.
മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളിൽ ഇന്ത്യയിലെ മതനിരപേക്ഷ ജനത വേദനിക്കാൻ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങൾ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞത്. അദ്ദേഹത്തിന് അതറിയാൻ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്ത്രീകളെ മെയ്തി വിഭാഗത്തിൽപ്പെട്ട അക്രമികൾ നഗ്‌നരാക്കി വഴിയിലൂടെ നടത്തിക്കുന്ന വീഡിയോ പുറംലോകത്ത് പ്രചരിക്കേണ്ടിവന്നു; നീചമായ ആ സംഭവത്തിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം കനത്ത വിമർശനം ഉയരേണ്ടിവന്നു; ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യക്കു തലകുനിക്കേണ്ട ദുരവസ്ഥ ആവർത്തിക്കേണ്ടിവന്നു. ഭരണകക്ഷിയായ ബി.ജെ.പിയുടെ പരിപൂർണ പിന്തുണയുള്ളവരാണ് മെയ്തികളെന്നത് മോദിജി അറിഞ്ഞോ ആവോ!
താൻ പ്രധാനമന്ത്രിയല്ല പ്രധാന സേവകനാണ് എന്ന് ഘോഷിച്ചു നടക്കുന്ന മോദിയുടെ മുതലക്കണ്ണീർ 'ദി ടെലഗ്രാഫ്' പത്രം ഇന്ന് കൃത്യമായി പകർത്തിയിട്ടുണ്ട്. മണിപ്പൂരിൽ ബി.ജെ.പി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞത്, ഇത്തരത്തിൽ നൂറു കണക്കിനു സംഭവങ്ങൾ മണിപ്പൂരിൽ അരങ്ങേറുന്നുണ്ട് എന്നും അതൊന്നും പുറം ലോകമറിയാതിരിക്കാനാണ് സംസ്ഥാനത്ത് ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുന്നത് എന്നുമാണ്.
സ്ത്രീകൾക്കു നേരേ നടക്കുന്ന ഹീനമായ ലൈംഗികാക്രമണങ്ങൾ ഉൾപ്പെടെ മണിപ്പൂരിൽ അരങ്ങേറുന്ന കലാപത്തിന്‍റെ യഥാർഥ ചിത്രം ബി.ജെ.പിക്ക് നന്നായി അറിയാെമന്ന് ചുരുക്കം. നിങ്ങൾ എത്രയൊക്കെ മൂടിവച്ചാലും സത്യങ്ങൾ സത്യങ്ങളായിത്തന്നെ പുറത്തുവരും. ഇന്‍റർനെറ്റ് വിച്ഛേദിച്ചാലും സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ ദൃശ്യങ്ങൾ ഇല്ലാതാക്കിയാലും ഇല്ലാതാകുന്നതല്ല ഇന്ത്യൻ ജനത അനുഭവിക്കുന്ന വംശീയപീഡനങ്ങൾ.
ഈ കാലവും കടന്നുപോകും.
ഇന്ത്യ ഇതിനെ പൊരുതിത്തോൽപിക്കുക തന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.