‘സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബി.ജെ.പി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്’; ഒറ്റത്തന്ത പ്രയോഗത്തിൽ മറുപടിയുമായി മന്ത്രി റിയാസ്
text_fieldsകൊച്ചി: സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബി.ജെ.പി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മന്ത്രി സിനിമാ ഡയലോഗ് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിനുള്ള മറുപടിയായാണ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്. പൂരംകലക്കലിൽ സി.ബി.ഐ അന്വേഷണം വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു.
“സിനിമയിൽ സി.ബി.ഐയുടേത് തരക്കേടില്ലാത്ത പ്രവർത്തനമാണ്. എന്നാൽ യഥാർഥത്തിൽ കേന്ദ്ര ഏജൻസികളുടെ അവസ്ഥ എന്താണെന്ന് നമ്മൾ കാണുന്നുണ്ട്. പരമോന്നത നീതിപീഠം തന്നെ കൂട്ടിലിട്ട തത്തയെന്നാണ് സി.ബി.ഐയെ വിശേഷിപ്പിച്ചത്. കേന്ദ്രം ആഗ്രഹിക്കുന്നതു പോലെ തുള്ളുകയാണവർ. കോൺഗ്രസ് ദേശീയ തലത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തിലെത്തുമ്പോൾ സുരേഷ് ഗോപിക്കൊപ്പമാണ്. സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗം പോലെ മറുപടി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. ആരാ അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയത്? തൃശൂരിൽ കോൺഗ്രസ് വോട്ട് മറിച്ചുകൊടുത്തിട്ടല്ലേ സുരേഷ് ഗോപി ജയിച്ചത്? സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബി.ജെ.പി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്. ഒറ്റത്തന്തയല്ല. ഇത് രാഷ്ട്രീയമായ പ്രസ്താവനയാണ്, വ്യക്തിപരമല്ല. കെ.പി.സിയുടെ ഒരു അന്വേഷണ റിപ്പോർട്ട് ഉണ്ടല്ലോ, അത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതൊന്നും ചെയ്യാതെ വെറുതെ എന്തെങ്കിലും പറയരുത്. കെ.സി. വേണുഗോപാൽ നടപടിയെടുത്തു എന്നു പറയുന്നു. എന്നാൽ ഒന്നുമുണ്ടായിട്ടില്ല” -മന്ത്രി പറഞ്ഞു.
അതേസമയം, പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമ്മതിച്ചു. കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണം. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.