‘ഉറക്കത്തിൽ പോലും ബി.ജെ.പിക്കെതിരെ പറയാതിരിക്കാൻ കോൺഗ്രസ് നേതാക്കൾ മരുന്നു കഴിക്കുന്നു’; പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ്
text_fieldsചേലക്കര: കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം പാർട്ടിയിൽ വിശ്വാസമില്ലാത്തവരാണ് സർക്കാറിനെയും മുഖ്യമന്ത്രിയേയും വിമർശിക്കുന്നത്. ഉറക്കത്തിൽ പോലും ബി.ജെ.പിക്കെതിരെ പറയാതിരിക്കാൻ കെ. സുധാകരനും കോൺഗ്രസ് നേതാക്കളും മരുന്നു കഴിക്കുന്നുവെന്നും റിയാസ് പരിഹസിച്ചു. വിട്ടുപോകുന്ന കോൺഗ്രസ് നേതാക്കളെ കോൺഗ്രസുകാർതന്നെ പ്രാണികളെന്ന് വിശേഷിപ്പിച്ചതിനെ പരിഹസിച്ചുകൊണ്ടായിരുന്നു റിയാസിന്റെ പരാമർശം.
“സർക്കാറിന് വലിയ പിന്തുണയുള്ള സമയത്താണ് ഉപതെരഞ്ഞെടുപ്പ് വരുന്നത്. സംസ്ഥാനത്തെ പൂർണമായും അവഗണിക്കുന്ന കേന്ദ്ര സർക്കാറിനെതിരെയുള്ള വികാരവും ശക്തമാണ്. അതിന് ചൂട്ടുകത്തിച്ചുകൊടുത്ത പ്രതിപക്ഷ നിലപാടും ചോദ്യംചെയ്യപ്പെടുന്നുണ്ട്. കൂടാതെ കോൺഗ്രസിൽ വലിയ ആഭ്യന്തര പ്രശ്നങ്ങളുമുണ്ട്. എൽ.ഡി.എഫിന് നല്ല വിജയമുണ്ടാകും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും എൽ.ഡി.എഫിനാണ് മുൻതൂക്കം. 2021ലെ വിജയത്തിന്റെ തുടർച്ചയാകുമിത്.
പാലക്കാട് ബി.ജെ.പിയെ ഉയർത്തുന്നത് കോൺഗ്രസാണ്. ചിലർ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് പോയി അവർക്കു വേണ്ടി പ്രവർത്തിക്കുന്നു. എന്നാൽ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കോൺഗ്രസിൽതന്നെ നിന്ന് ബി.ജെ.പിക്കു വേണ്ടി പ്രവർത്തിക്കുന്നു. ബി.ജെ.പിക്കെതിരെ ഒരക്ഷരം ഇവര് മിണ്ടുന്നുണ്ടോ. രാത്രി ഉറങ്ങുമ്പോൾ പിച്ചുംപേയും പറയുമ്പോൾ പോലും ബി.ജെ.പിക്കെതിരെ വരാതിരിക്കാൻ പ്രത്യേകതരം ഗുളിക കഴിക്കുന്നവരാണവർ എന്നു തോന്നിപ്പോകും.
കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകൾ കടമെടുത്താൽ ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാകും. കോൺഗ്രസിൽനിന്ന് ആദ്യമായല്ല നേതാക്കൾ ഇടതുപക്ഷത്തേക്ക് വരുന്നത്. മതനിരപേക്ഷ മനസ്സുള്ള നിരവധിപ്പേർ ഇടതുപക്ഷത്തേക്ക് വരും” -മന്ത്രി പറഞ്ഞു. എ.ഡി.എമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരെ നടപടി വേണമോ എന്ന കാര്യത്തിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.