'ഭൂരിപക്ഷ വർഗീയത ഏറ്റവും അപകടകരം, പ്രതിരോധിക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയത'; സർക്കാർ വിചാരിച്ചാൽ മാത്രം അക്രമം അവസാനിപ്പിക്കാനാവില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടകരമായ വർഗീയതയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. അതിനെ പ്രതിരോധിക്കാനെന്ന പേരിലാണ് ന്യൂനപക്ഷ വർഗീയത. രണ്ടും ഗൗരവത്തിലെടുക്കേണ്ടതാണ്. സർക്കാറും പൊലീസും വിചാരിച്ചാൽ മാത്രം അക്രമം ഒഴിവാക്കാനാകില്ലെന്നും ശക്തമായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ വിചാരിച്ചാൽ മാത്രം ഈ അക്രമങ്ങൾ അവസാനിപ്പിക്കാനാകില്ല. ഇതെല്ലാം വർഗീയ ശക്തികൾ അജണ്ട വെച്ച് പ്ലാൻ ചെയ്ത് നടപ്പാക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ അവർ തന്നെ തീരുമാനിക്കണം. അതിന് ജനകീയ സമ്മർദം രൂപപ്പെടണം.
പുറമേ ശത്രുതാ ഭാവമാണെങ്കിലും ഉള്ളിന്‍റെയുള്ളിൽ പരസ്പരം ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് രണ്ട് വർഗീയ ശക്തികളും നടത്തുന്നത്.
ഭൂരിപക്ഷ വർഗീയതയാണ് ഈ രാജ്യത്ത് ഹിന്ദുരാഷ്ട്രം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്‍റെ ഭാഗമായാണ് സംഘർഷങ്ങളുണ്ടാകുന്നത്. അതിനെ പ്രതിരോധിക്കാനെന്ന പേരിലുണ്ടാകുന്നതാണ് അപകടകരമായ ന്യൂനപക്ഷ വർഗീയത. രണ്ടും ഗൗരവത്തിലെടുക്കേണ്ടതാണ്.
സംഘർഷങ്ങളുടെ ഭാഗമായി വർഗീയ ശക്തികളെ വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങളുണ്ടാവുകയാണെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ഇരട്ടക്കൊലപാതകത്തെ തുടർന്ന് ഇന്ന് വൈകീട്ട് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സർവകക്ഷി സമാധാനയോഗം ചേരുകയാണ്. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സ്പീക്കർ എം.ബി. രാജേഷും പങ്കെടുക്കും.
പോപുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്‍റ് സുബൈറിന്‍റെ വധത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാലുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ആർ.എസ്.എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണിത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. കസ്റ്റഡിയിലുള്ള സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ എരട്ടക്കുളത്തുവെച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിക്കാൻ എത്തിയ ബൈക്കുകളിൽ ഒന്നിന്‍റെ നമ്പറും ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് സ്ത്രീയുടെ പേരിലുള്ളതാണ്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് പ്രതികൾ എന്നാണ് സൂചന.
പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്ന് ടൗൺ നോർത്ത് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലുണ്ട്. തമിഴ്നാട് ആംഡ് പൊലീസ് ഉൾപ്പെടെ 1500ഓളം പൊലീസുകാരുടെ സംരക്ഷണ വലയത്തിലാണ് പാലക്കാട് നഗരം. ജില്ലയിൽ 20 വരെ നിരോധനാജ്ഞ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.