കേരളത്തിന് എല്ലാ സഹായങ്ങളും ഉറപ്പ് –കേന്ദ്രമന്ത്രി
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിെൻറ ദുരിതനിവാരണത്തിന് കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. തിരുവനന്തപുരത്തെ ദുരന്തബാധിത സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് സാങ്കേതികമായ തടസ്സമുണ്ടെങ്കിൽ, ദുരന്തത്തിെൻറ വ്യാപ്തി കണക്കിലെടുത്ത് ഉദാരമായ സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭ്യർഥിച്ചു. ദീർഘകാല പുനരധിവാസ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിശദമായ നിവേദനം തയാറാക്കി ആഭ്യന്തര, കൃഷി മന്ത്രാലയങ്ങൾക്ക് സമർപ്പിക്കാൻ പ്രതിരോധമന്ത്രി നിർദേശിച്ചു.
ദുരന്തം നേരിടാൻ സംസ്ഥാന സർക്കാർ എടുത്ത നടപടികൾ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം വിശദീകരിച്ചു. 30-ന് രാവിലെ 8.30-നാണ് തീവ്ര ന്യൂനമർദം സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. കടലിൽപോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന ഉപദേശം മാത്രമാണ് ഈ സമയത്ത് നൽകിയ അറിയിപ്പ്. ഈ ന്യൂനമർദം ചുഴലിയായി മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് 12 മണിക്ക് മാത്രമാണ് ലഭിച്ചത്. ഉടൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചു. സർക്കാർ എടുത്ത നടപടികളിൽ കേന്ദ്രമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
ചർച്ചയിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപളളി സുരേന്ദ്രൻ, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, നാവിക--വ്യോമ--കരസേനാ വിഭാഗങ്ങളുടെ പ്രധാന ഉദ്യോഗസ്ഥർ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.