പ്ലസ് വൺ സീറ്റ് ക്ഷാമം; നടപടിക്കായി വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ സീറ്റ് പ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നിലവിലുള്ള പ്രവേശന സ്ഥിതിവിവരവും പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ ഏകദേശ കണക്കും ഉൾപ്പെടുത്തി മന്ത്രി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയത്. പ്രശ്നം പരിഹരിക്കാൻ സാധ്യമായ നിർദേശങ്ങളും കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ പത്ത് ശതമാനം വരെ സീറ്റ് വർധന, താൽക്കാലിക ബാച്ചുകൾ അനുവദിക്കുക, കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്നിവയാണ് പരിഹാരമാർഗമായി നിർദേശിക്കപ്പെട്ടിരിക്കുന്നത്. രണ്ടാം അേലാട്ട്മെൻറ് പ്രകാരമുള്ള പ്രവേശനവും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് ക്വോട്ട സീറ്റുകളിലെ പ്രവേശനവും അവസാനഘട്ടത്തിലെത്തിയപ്പോൾ ഹയർസെക്കൻഡറി വിഭാഗം സ്ഥിതിവിവരക്കണക്ക് തയാറാക്കിയിരുന്നു. ഇതുകൂടി പരിഗണിച്ചുള്ള കുറിപ്പാണ് മന്ത്രി ശിവൻകുട്ടി മുഖ്യമന്ത്രിക്ക് നൽകിയത്. സീറ്റ് ക്ഷാമം ഏറ്റവും അധികമുള്ള മലപ്പുറം ജില്ലയിൽ മാത്രം ഏകജാലകത്തിൽ അപേക്ഷിച്ച 27000 കുട്ടികൾക്ക് പ്രവേശനം ലഭിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ സീറ്റ് കുറവും ഹയർസെക്കൻഡറി വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ച 15000ൽ അധികം കുട്ടികൾ പ്രവേശനം ലഭിക്കാതെ പുറത്തുണ്ടെന്ന് മന്ത്രിയുടെ വാർത്താകുറിപ്പിലൂടെ പുറത്തുവന്നിരുന്നു. നിയമസഭയിൽ പലതവണ പ്രതിപക്ഷം സീറ്റ് ക്ഷാമം ഉന്നയിക്കുകയും ചെയ്തിരുന്നു. ഭരണപക്ഷ എം.എൽ.എമാർ ഉൾപ്പെടെ സീറ്റ് ക്ഷാമത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. എല്ലാവർക്കും സീറ്റുണ്ടാകുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കാണെന്ന് രണ്ടാം അലോട്ട്മെൻറ് കഴിഞ്ഞതോടെ വ്യക്തമായിരുന്നു. പ്രവേശനനില സംബന്ധിച്ച് ഹയർസെക്കൻഡറി വിഭാഗം കണക്കെടുത്തതോടെയാണ് യാഥാർഥ്യം തിരിച്ചറിഞ്ഞ് മന്ത്രിതന്നെ മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ഇൗ വർഷം പുതിയ സ്കൂളുകളോ ബാച്ചുകളോ വേണ്ടെന്ന് ആദ്യ അലോട്ട്മെൻറിന് മുമ്പുതന്നെ വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത് വിമർശനത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.