Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി ഒ.ആർ. കേളുവിന്...

മന്ത്രി ഒ.ആർ. കേളുവിന് "പെസ" നിയമം നടപ്പാക്കാനാവുമോ?

text_fields
bookmark_border
മന്ത്രി ഒ.ആർ. കേളുവിന് പെസ നിയമം നടപ്പാക്കാനാവുമോ?
cancel

കോഴിക്കോട്: ലോക ആദിവാസി ദിനത്തിൽ മന്ത്രി ഒ.ആർ. കേളുവിനോട് അട്ടപ്പാടിയിലെയും വയനാട്ടിലെയും ആദിവാസികൾ ചോദിക്കുന്നത് പെസ നിയമം സംസ്ഥാനത്ത് എന്ന് നടപ്പാക്കുമെന്നാണ്. 1947ന് ശേഷം 'സ്വയം ഭരണം' എന്ന സങ്കൽപ്പം രാജ്യത്ത് ആദ്യമായി മുന്നോട്ട് വെച്ച നിയമമാണ് "പെസ" നിയമം (പഞ്ചായത്തീരാജ് നിയമം പട്ടികവർഗ പ്രദേശങ്ങളിലേക്ക് വ്യാപിക്കൽ).1996ൽ പാർലമെൻറിൽ നിയമം പാസാക്കി. അത് ആദിവാസികൾ നേടിയ എക്കാലത്തെയും വിജയമാണ്. ഗ്രാമതലത്തിൽ നിയമം 10 സംസ്ഥാനങ്ങളിൽ നടപ്പിലാക്കി.

പുരോഗമന ഇടതുപക്ഷ കേരളത്തിൽ നടപ്പാക്കാൻ എന്താണ് തടസ്സം?

നിയമത്തിൽ ആദിവാസികളുടെ പരമ്പരാഗത രാഷ്ട്രീയ വ്യവസ്ഥകളെ മാനിക്കുകയും ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഗ്രാമീണരുമായി കൂടിയാലോചിക്കുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു. അതൊരു പുതിയ തുടക്കമായിരുന്നു. ഒരു വർഷത്തിനുള്ളിൽ (1997) പഞ്ചായത്ത് രാജ് നിയമങ്ങളിൽ ഭേദഗതി വരുത്തി സംസ്ഥാന നിയമങ്ങളിൽ ഉൾപ്പെടുത്തേണ്ടതായിരുന്നു. അക്കാലത്ത് ഒമ്പത് സംസ്ഥാനങ്ങളിൽ ഷെഡ്യൂൾഡ് ഏരിയ പ്രഖ്യാപിച്ചു. ത്സാർഖണ്ഡ് ഒഴികെ 1997 ൽ എട്ട് സംസ്ഥാനങ്ങൾ സംസ്ഥാന പഞ്ചായത്ത് നിയമം ഭേദഗതി ചെയ്തു. 2001 ൽ ഷെഡ്യൂൾഡ് ഏരിയക്കുള്ള പെസ വ്യവസ്ഥകൾക്കൊപ്പം ത്സാർഖണ്ഡ് പഞ്ചായത്ത് നിയമവും നടപ്പാക്കി. തെലങ്കാനയെ പിന്നീട് ആന്ധ്രയിൽ നിന്ന് വിഭജിച്ചു, ഇപ്പോൾ നിയമങ്ങളിൽ പെസ ഭേദഗതികളുള്ള 10 സംസ്ഥാനങ്ങളുണ്ട്.

ആദിവാസി മേഖകൾക്ക് ലഭിക്കേണ്ട സ്വയംഭരണാവകാശമാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി (28 വർഷം) കേരളം നിരാകരിച്ചത്. ഇടതുപക്ഷം അടക്കമുള്ള കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കേരളം ഭരിച്ചവർ മുന്നണി ഭേദം മറന്ന് ഒറ്റക്കെട്ടായി ആദിവാസികളുടെ ഭരണഘടനാവകാശത്തിന് എതിരായി പ്രവർത്തിച്ചുവെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിലെ ഇടതുപക്ഷം ഇപ്പോഴും തടസ്സവാദമുന്നയിക്കുന്നത് എന്തിനാണ് ?

ആദിവാസികൾക്ക് അനുവദിക്കുന്ന വികസന ഫണ്ടുകൾ കൈയിട്ടുവാരുന്ന ഉദ്യോഗസ്ഥ കൊള്ളസംഘവും രാഷ്ട്രീയ നേതൃത്വവുമാണ് പെസ നടപ്പാക്കുന്നതിനെ എതിർക്കുന്നത്.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് പെസ നിയമം സംസ്ഥാനത്ത് നടപ്പാക്കാമെന്ന് 2001ൽ ആദിവാസികൾക്ക് ഉറപ്പ് നൽകിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നിൽപ്പുസമരത്തെ തുടർന്ന് ഉണ്ടാക്കിയ കരാറിൽ പെസ നിയമം നടപ്പാക്കുന്നതിന് കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാമെന്ന് ഉറപ്പു നൽകി. അത് ഉമ്മൻചാണ്ടി പാലിക്കുകയും ചെയ്തു.

ഉമ്മൻചാണ്ടി സർക്കാർ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് കേരളത്തിന്റെ റിപ്പോർട്ട് നൽകിയിരുന്നു. യു.ഡി.എഫ് സർക്കാർ അധികാരമൊഴിഞ്ഞതിന് ശേഷം ആദിവാസി മന്ത്രാലയ റിപ്പോർട്ടിൽ വിശദീകരണം ചോദിച്ചിരുന്നു. അതിന് കേരളം മറുപടി നൽകിയിട്ടില്ല. എ.കെ ബാലൻ മന്ത്രിയായ കാലത്ത് ഒന്നും നടന്നില്ല. മന്ത്രി കെ. രാധാകൃഷ്ണൻ പെസ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞില്ല. കേരളത്തിലെ ഇടതു സർക്കാരിന് പെസ നിയമം നടപ്പാക്കുന്നതിൽ താല്പര്യം ഇല്ല. അട്ടപ്പാടിയിൽ വ്യാജ രേഖകൾ ഉണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ സംഘങ്ങൾക്ക് പെസനിയമം തടസ്സമാകുമെന്ന തിരിച്ചറിവ് സർക്കാരിനുണ്ട്.

ആദിവാസികളെ സംബന്ധിച്ചെടുത്തോളം ഭരണഘടനയിലെ ഏറ്റവും മുഖ്യമായ അവകാശമാണ് നിഷേധിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസികൾക്ക് പെസ നിയമത്തിന്റെ പരിരക്ഷ ലഭിച്ചിരുന്നുവെങ്കിൽ പാരമ്പര്യമായി കൃഷി ചെയ്ത് ജീവിക്കുന്ന ഭൂമിയിലെ കൈയേറ്റം തടയാൻ ശക്തമായൊരു ആയുധമായിരുന്നു. അത് ആദിവാസികൾക്ക് നിഷേധിക്കുന്നതിെൻഖ കാരണം എന്താണ്?

മന്ത്രി ഒ.ആര്‍ കേളു പറയുന്നത് അനുസരിച്ച് വയനാട്ടിലും അട്ടപ്പാടിയിലും അടിസ്ഥാന രേഖകൾ ഡിജിറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നതിന്റെ ഫലം കണ്ടുതുടങ്ങി എന്നാണ്. അദ്ദേഹം അറിയേണ്ട ഒരു കാര്യം അട്ടപ്പാടിയിലെ ആദിവാസികൾ ഡിജിറ്റൽ സർവേ എന്ന് കേട്ടപ്പോൾ തന്നെ ആശങ്കയിലാണ്. വ്യാജ രേഖകൾ പ്രകാരം ഭൂമി ഡിജിറ്റലൈസ് ചെയ്തു നൽകുമ്പോൾ ആദിവാസി ഊരുകളിൽ പോലും ഭൂമിയുണ്ടാകില്ല. ആദിവാസികൾക്ക് ഭൂമി നൽകാനല്ല ഡിജിറ്റൽ സർവേ നടത്തുന്നത്. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയുടെ നടന്ന വ്യാജ രേഖകൾ പ്രകാരം കൈയേറ്റക്കാർക്ക് ഭൂനികുതിയടച്ച് നൽകാനാണ് ഡിജിറ്റൽ സർവേ നടത്തുന്നതെന്നാണ് ആദിവാസികളുടെ ഭയം.

ഭരണഘടനയുടെ ആമുഖം ചൊല്ലി മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെ ജനങ്ങൾക്കൊപ്പം പ്രതിജ്ഞയെടുക്കുമ്പോൾ വംശനാശം നേരിടുന്ന ആദിവാസി ജനതക്ക് ഭരണഘടനാവകാശം നിഷേധിക്കുന്ന പ്രാകൃതമായൊരു രാഷ്ട്രീയ സമീപനമല്ലേ സർക്കാർ പിന്തുടരുന്നത്‍? ആദിവാസികൾക്കെതിരെ നടത്തുന്ന വംശീയവേട്ടക്ക് കുടപിടിക്കുകയാണ് ഇവിടുത്തെ ഇടതുപക്ഷ ബുദ്ധിജീവികൾ? ഗ്രാമസഭയുടെ ജനാധിപത്യത്തെക്കുറിച്ച് ഉരുവിടുന്ന തോമസ് ഐസക്കിന് ആദിവാസി ഊരുകൾ റിപ്പബ്ലിക്കുകളായി പ്രഖ്യാപിക്കണമെന്ന പറയാൻ നാവ് പൊന്താത്തത് എന്ത്കൊണ്ടാണ് ? അട്ടപ്പാടിയിലെ കുട്ടികളുടെ ശവംതീനികളായ മുഖ്യധാരാ രാഷ്ട്രീയ സമൂഹത്തിന് പെസ അംഗീകരിക്കാനാവില്ല.

കേരളത്തിലെ ആദിവാസികൾക്ക് സ്വയംഭരണ അവകാശം ലഭിക്കുന്ന പെസ നിയമം എന്ന് നടപ്പാക്കാനാവുമെന്നാണ് മന്ത്രി ഒ.ആർ. കേളു ലോക ആദിവാസി ദിനത്തിൽ പ്രഖ്യാപിക്കേണ്ടത് ? പെസ നിയമം നടപ്പാക്കാൻ തടസ്സമെന്താണെന്ന് മന്ത്രി വ്യക്തമാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pesa ActMinister O.R. Kelu
News Summary - Minister O.R. Kelu Can implement the "Pesa" Act?
Next Story