സി.ഐ.ടി.യു കട പൂട്ടിച്ച സംഭവം: ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിക്കുന്നു -പി. രാജീവ്
text_fieldsതിരുവനന്തപുരം: മാതമംഗലത്ത് സി.ഐ.ടി.യു സമരത്തെ തുടര്‍ന്ന് കട പൂട്ടിയ സംഭവത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി. രാജീവ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ വല്ലാതെ പര്‍വതീകരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. അത് നേതൃത്വം തന്നെ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്നും മന്ത്രി പ്രതികരിച്ചു.
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുക എന്നതാണ് പ്രധാനം. നിയമവിധേയമായി എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. നല്ല ഒരു അന്തരീക്ഷം കേരളത്തില്‍ സംജാതമായിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടാകുന്നത്. പോസിറ്റിവായ കാര്യങ്ങള്‍ വേണ്ടത്ര പൊതുമണ്ഡലത്തിലേക്ക് വരുന്നില്ല. എന്നാല്‍, ഒറ്റപ്പെട്ട സംഭവങ്ങള്‍ വല്ലാതെ പര്‍വതീകരിക്കുന്ന സ്ഥിതി മറ്റൊരിടത്തും ഇല്ലാത്ത രൂപത്തില്‍ നമ്മുടെ നാട്ടില്‍ ഉണ്ട് -മന്ത്രി പറഞ്ഞു.
എല്ലാ യൂനിയനുകളുമായും മന്ത്രിയായ ശേഷം രണ്ടു തവണ ചര്‍ച്ച നടത്തുകയുണ്ടായി. അവര്‍ ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, താഴെത്തട്ടില്‍ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. അത് നേതൃത്വം തന്നെ ഇടപെട്ട് പരിഹരിക്കേണ്ടതാണ്.
നിയമാനുസൃതമായി എല്ലാ വ്യവസായങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുക എന്നുള്ളതാണ്. മാറിയ കാലത്തിനനുസരിച്ച് ചിന്തിക്കുന്നതിനും പ്രവൃത്തിക്കുന്നതിനും എല്ലാവരും തയാറാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.