കിറ്റക്‌സിൽ വ്യവസായവകുപ്പ് പരിശോധന നടന്നിട്ടില്ല; സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിൽനിന്ന് വിട്ടുനിൽക്കണം -മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: തങ്ങളെ പ്രവൃത്തിക്കാൻ അനുവദിക്കുന്നില്ലെന്ന തരത്തിൽ കിറ്റക്‌സിന്‍റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. എങ്കിലും അവരുന്നിയിച്ച പ്രശ്‌നങ്ങള്‍ ഗൗരമായി എടുക്കും. വ്യവസായവകുപ്പിന്‍റെ പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റുവകുപ്പുകളുടെ പരിശോധനകളാണ് നടന്നതെന്നും രാജീവ് പറഞ്ഞു.
പരാതികളുണ്ടെങ്കിൽ അത് വകുപ്പിനെ അറിയിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുൻപേ സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഒരു മാസത്തിനകം 10 പരിശോധനകളാണ് കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിൽ നടന്നെതന്നും ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിക്കുകയാണെന്നും കിറ്റക്സ് എം.ഡി സാബു ജേക്കബ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതികളിൽ നിന്നാണ് പിന്മാറ്റം പ്രഖ്യാപിച്ചത്.
സർക്കാർ കമ്പനിയെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കുന്നില്ല. ആരെയും എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ് നിലവിലുള്ളത്. സർക്കാറിന്‍റെ അറിവോടെയാണ് പരിശോധനക്ക് ഓരോ ഡിപ്പാർട്ട്മെന്റുകൾ വരുന്നത്. കിറ്റക്സിനെ തകർക്കാനുള്ള പരിശോധനകളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മന്ത്രിയുടെ വിശദീകരണം:
പ്രമുഖ വ്യവസായ സ്ഥാപനമായ കിറ്റെക്സിന്‍റെ ചെയർമാൻ സാബു ജേക്കബ് നടത്തിയ പരാമർശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നേരിട്ട് ഇടപെട്ടിരുന്നു.
ഔദ്യോഗികമായ പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചിട്ടില്ലെങ്കിലും ജൂൺ 28 ന് തന്നെ കിറ്റക്സുമായി ബന്ധപ്പെട്ട് പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചു.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്സിൽ നടന്നിട്ടില്ലെന്നും
മറ്റ് ചില വകുപ്പുകളുടേയും സെക്ടർ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നുമാണ് അവർ അറിയിച്ചത്. കിറ്റക്സ് ഉന്നയിച്ച പരാതികൾ പരിശോധിക്കാൻ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോൾ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. വ്യവസായവകുപ്പിന്‍റെ പരിശോധനകളൊന്നും കിറ്റക്സിൽ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സെക്രട്ടറിയും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഇപ്പോൾ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഗൗരവപൂർവ്വം തന്നെ പരിഗണിക്കും. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് ഉന്നതതല പരിശോധനയും നടത്തും. നിയമപ്രകാരം വ്യവസായ സംരംഭങ്ങൾ
ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആർക്കും സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകും.
വ്യവസായ മന്ത്രിയായി ചുമതലയേറ്റ് 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ഫിക്കി, സി ഐ ഐ തുടങ്ങിയ വ്യവസായ സംഘടനാ പ്രതിനിധികളുമായി യോഗം ചേരുകയും തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിരുന്നു.
ആ യോഗത്തിൽ കിറ്റക്സ് പ്രതിനിധികളും പങ്കെടുത്തിരുന്നു. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങളോ പരാതികളോ ഉള്ളതായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനാധിപത്യ സംവിധാനത്തിൽ ധാരാളം സാധ്യതകൾ ഉള്ളപ്പോൾ അവ സർക്കാരിനെ നേരിട്ട് അറിയിക്കുന്നതാണ് ഉചിതം.
വ്യവസായ നടത്തിപ്പിനുള്ള കേരളത്തിലെ ഏകജാലക സംവിധാനം ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് ഫിക്കിയാണ്. വ്യവസായ തർക്ക പരിഹാരത്തിന് നിയമ പിൻബലമുള്ള സംവിധാനം രൂപീകരിക്കാൻ ഈ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. വ്യവസായ മേഖലയിൽ ഉണർവിന്‍റെ ഒരന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് ഉപയോഗപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണം.
എന്തെങ്കിലും പരാതികൾ ഉണ്ടായാൽ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുൻപേ സംസ്ഥാനത്തിന് അപകീർത്തികരമാകാവുന്ന പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.