മോർച്ചറിയിൽ കയറി മൃതദേഹം എടുത്തുകൊണ്ടുപോയത് ഗൗരവതരം; ജനപ്രതിനിധികൾ പക്വത കാണിക്കണം -മന്ത്രി രാജീവ്
text_fieldsകൊച്ചി: കോതമംഗലത്ത് മോർച്ചറിൽ നിന്ന് എം.പിയും എം.എൽ.എയും ഉൾപ്പെടെയുള്ളവർ മൃതദേഹം എടുത്തുകൊണ്ടുപോയ സംഭവം ഗൗരവതരമാണെന്നും ജനപ്രതിനിധികൾ പക്വതയോടെ പെരുമാറണമെന്നും മന്ത്രി പി. രാജീവ്. ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാനാവില്ല. കോതമംഗലത്തെ കോൺഗ്രസ് പ്രതിഷേധത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പി. രാജീവ്.
ഇടുക്കി നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായാണ് കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തിയത്. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, എറണാകുളം ഡി.സി.സി അധ്യക്ഷൻ എം. ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇൻക്വസ്റ്റ് നടത്താൻ പോലും സമ്മതിക്കാതെ മൃതദേഹവുമായി മാർച്ച് നടത്തുന്നത് പൊലീസ് തടഞ്ഞു. ഒടുവിൽ ബലം പ്രയോഗിച്ചാണ് പൊലീസ് മൃതദേഹം കൊണ്ടുപോയത്.
എം.പിയുടെയും എം.എൽ.എയുടെയും പ്രവൃത്തികൾ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. തുടർനടപടികൾക്ക് പോസ്റ്റ്മോർട്ടം ചെയ്യേണ്ടത് പ്രധാനമാണ്. ദേവികുളം, കോതമംഗലം എം.എൽ.എമാർ ആശുപത്രിയിലുണ്ട്. സർക്കാർ സ്വീകരിച്ച നടപടികൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ചിലയിടത്ത് വൈകാരിക പ്രകടനങ്ങൾ ഉണ്ടാകാം. എന്നാൽ, ഒരു ഭൗതിക ശരീരത്തോട് കാണിക്കേണ്ട ആദരവുണ്ട്. നിയമവ്യവസ്ഥയോട് കാണിക്കേണ്ട ആദരവുണ്ട്. മോർച്ചറിയിൽ കയറി മൃതദേഹം എടുത്തുകൊണ്ടുപോയത് ഗൗരവമുള്ള കാര്യമാണ്. നിയമം അതിന്റെ വഴിക്ക് പോകുമെന്നും മന്ത്രി രാജീവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.