എ.ഐ കാമറ വിവാദം: കെൽട്രോൺ നടത്തിയ കരാറുകളും ഇടപാടുകളും ചട്ടപ്രകാരമാണോ എന്ന് അന്വേഷിക്കുമെന്ന് മന്ത്രി രാജീവ്
text_fieldsതിരുവനന്തപുരം: എ.ഐ കാമറ വിവാദത്തിൽ കെൽട്രോൺ നടത്തിയ കരാറുകളും ഇടപാടുകളും ചട്ടപ്രകാരവും സുതാര്യവുമാണോ എന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി പി. രാജീവ്. കെൽട്രോണുമായി ബന്ധപ്പെട്ട കാര്യങ്ങളും അവർ സമർപ്പിച്ച റിപ്പോർട്ടുകളും പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിക്കും. വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് അവർ ആവശ്യപ്പെടുന്ന എല്ലാ രേഖകളും കൈമാറാൻ കെൽട്രോണിനോട് ആവശ്യപ്പെട്ടു. എ.ഐ കാമറ സ്ഥാപിക്കലുമായി ബന്ധപ്പെട്ട ടെൻഡർ രേഖകൾ, പ്രീ ക്വാളിഫിക്കേഷൻ വ്യവസ്ഥകൾ, ഇതുസംബന്ധിച്ച സർക്കാർ ഉത്തരവുകൾ, ഗതാഗത വകുപ്പ് സർക്കാറിന് നൽകിയ നിർദേശങ്ങൾ, ടെക്നിക്കൽ കമ്മിറ്റി ശിപാർശകൾ എന്നിവയെല്ലാം വെബ്സൈറ്റ് വഴി കെൽട്രോൺ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗതമന്ത്രിയും മുൻ ഗതാഗത മന്ത്രിയും കൈമലർത്തുകയും വിശംദാംശങ്ങൾ കെൽട്രോണിനോട് ചോദിക്കണമെന്ന് ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി വ്യവസായ മന്ത്രി രംഗത്തെത്തിയത്. കെൽട്രോണിന്‍റെ പ്രവർത്തന മികവുകളെയും സി.എം.ഡിയുടെ ശാസ്ത്രജ്ഞനെന്ന നിലയിലെ അനുഭവസമ്പത്തിനെയും എടുത്തുപറയുമ്പോഴും എ.ഐ കാമറ കരാറിൽ കെൽട്രോണിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാതെയായിരുന്നു രാജീവിന്‍റെ വിശദീകരണം.
പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാറിന് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചിലർ ബോധപൂർവം പുകമറ സൃഷ്ടിക്കുകയാണെന്ന് ആരോപിച്ചു. ഗതാഗത വകുപ്പിലെ ചില പരാതികളെക്കുറിച്ച് ഫെബ്രുവരിയിൽതന്നെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അത്തരത്തിൽ ഉയർന്ന ആരോപണങ്ങളിൽ ഒന്ന് മാത്രമാണ് കാമറ പദ്ധതി. വിജിലൻസ് അന്വേഷണത്തിൽ സർക്കാർ ഇടപെടില്ല. വിജിലൻസ് അന്വേഷിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ അനൗചിത്യമില്ല. സർക്കാറിന് ഒന്നും മറയ്ക്കാനില്ല.
സർക്കാർ സ്ഥാപനങ്ങളോ പൊതുമേഖല സ്ഥാപനങ്ങളോ ഏൽപിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കെൽട്രോണിന് അവകാശമുണ്ട്. വിക്രാന്ത്, എസ്.എൽ.വി ദൗത്യങ്ങളിൽ കെൽട്രോൺ ഉൽപാദിപ്പിച്ച ഘടകങ്ങളുണ്ട്. സി.എം.ഡി നാരായണ മൂർത്തി പ്രമുഖ ശാസ്ത്രജ്ഞനാണ്. ഇന്ത്യയിലെ എയർനോട്ടിക്കൽ സൊസൈറ്റി ചെയർമാനായിരുന്നു. ഇങ്ങനെയുള്ള ആളുകളെ സർവിസിൽ കിട്ടുക എന്നത് വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.