പൊതുമേഖലാ സ്ഥാപനങ്ങള്‍ വ്യവസായ മേഖലയുടെ നട്ടെല്ലെന്ന് പി.രാജീവ്
text_fieldsകാച്ചി:പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന വ്യവസായ മേഖലയുടെ നട്ടെല്ലാണെന്ന് മന്ത്രി പി.രാജീവ്. റിയാബിന്റെ (പബ്ലിക് സെക്ടര്‍ റിസ്ട്രച്ചറിംഗ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഓഡിറ്റ് ബോര്‍ഡ്) നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ബിസിനസ് അലയന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നിരവധി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണവും വിപുലീകരണവും ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനില്‍ 405 പദ്ധതികളാണുള്ളത്. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പദ്ധതികളായ അവ ഏഴ് സെക്ടറുകളിലായി 41 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടപ്പാക്കും.
2021-22 കാലയളവില്‍ വ്യവസായ വകുപ്പിന് കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവ് 3892.13 കോടി രൂപയായും പ്രവര്‍ത്തന ലാഭം 386.04 കോടി രൂപയായും വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 105.68 ശതമാനത്തിന്റെ വളര്‍ച്ചയാണ് മേഖലയില്‍ ഉണ്ടായിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ക്ക് ഏറെ അനുയോജ്യമായ ഇടമാണ് കേരളം. 4000 സ്റ്റാര്‍ട്ടപ്പുകള്‍ നിലവില്‍ കേരളത്തിലുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാര്‍ക്ക് സ്ഥാപിതമായതും ഇവിടെയാണ്. ഇലക്ട്രോണിക്‌സ് മേഖലയിലും വലിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ആണ് ഇന്ത്യയില്‍ ആദ്യമായി ടെലിവിഷന്‍ നിര്‍മ്മിച്ചത്. പ്രതിരോധ മേഖലയിലേക്ക് വരെ കെല്‍ട്രോണ്‍ തങ്ങളുടെ ഇലക്ടോണിക് ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. അത്തരത്തില്‍ നിരവധി ഉദാഹരങ്ങള്‍ സംസ്ഥാന പൊതുമേഖലയില്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊച്ചി മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. റിയാബ് ചെയര്‍മാന്‍ ഡോ.ആര്‍.അശോക്, റിയാബ് സെക്രട്ടറി കെ.പത്മകുമാര്‍, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിസിനസ് അലയന്‍സ് മീറ്റില്‍ വിവിധ സെഷനുകളിലായി ചര്‍ച്ചകളും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.