പൊതു സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് പി. രാജീവ്
text_fieldsകൊച്ചി: പൊതു സ്ഥാപനങ്ങൾ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പി. രാജീവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഹരിത അയൽക്കൂട്ടങ്ങൾ രൂപീകരിക്കണം.
സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പഞ്ചായത്ത് തലത്തിൽ ഇ-വേയ്സ്റ്റുകൾ ശേഖരിച്ച് പുനരുപയോഗത്തിനുള്ള സാധ്യത പരിശോധിക്കണം. ഉപയോഗശൂന്യമായ ചില്ല്, തുണി, ചെരുപ്പ്, ബാഗ് തുടങ്ങിയവ ശേഖരിക്കുന്നതിനുള്ള ക്ലീൻ ഡ്രൈവ് സംഘടിപ്പിക്കണം.
വീടുകളിൽ മാലിന്യ സംസ്കരണം നടപ്പാക്കണം. ജൂൺ അഞ്ചിന് മുൻപ് മണ്ഡലം മാലിന്യമുക്തമാക്കണമെന്നും മാലിന്യ സംസ്കരണ പദ്ധതികൾക്ക് ശുചിത്വ മിഷൻ എല്ലാ സഹായങ്ങളും നൽകണമെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വത്തിനൊപ്പം കളമശ്ശേരി ക്യാമ്പയിൻ രണ്ടാം ഘട്ടം ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ഹരിത മികവ് പുരസ്കാര വിതരണവും പരിപാടിയിൽ നടന്നു.
2024 മാർച്ച് 31 ന് മുൻപ് മാലിന്യമുക്ത സംസ്ഥാനം' എന്ന ലക്ഷ്യം മുൻനിർത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ബൃഹത്തായ ക്യാമ്പയിനാണ് 'മാലിന്യ മുക്തം നവകേരളം.
മാലിന്യം ഉറവിടത്തിൽ തന്നെ തരം തിരിക്കുക, ജൈവമാലിന്യം പരമാവധി ഉറവിടത്തിലും സാമൂഹ്യ സംവിധാനത്തിലുമായി സംസ്കരിക്കുക, അജൈവ മാലിന്യം തരം തിരിച്ച് പുനഃക്രമണത്തിനും ശാസ്ത്രീയ സംസ്കരണത്തിനും അംഗീകൃത ഏജൻസിക്ക് കൈമാറുക, പ്രത്യേക മാലിന്യങ്ങൾക്ക് ശാസ്ത്രീയ സംസ്കരണ സംവിധാനം ഒരുക്കുക, പൊതു നിരത്തിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പൂർണമായും ഒഴിവാക്കുക, ജലാശയങ്ങളുടെ മലിനീകരണം പൂർണമായും തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.
നീറിക്കോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം മനാഫ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.