അമിത വില വാങ്ങുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി –മന്ത്രി പി. തിലോത്തമൻ
text_fieldsപത്തനംതിട്ട: ഭക്ഷണസാധനങ്ങൾക്ക് അമിതമായി വില വർധിപ്പിച്ച ഹോട്ടലുകൾക്കും റസ്റ്റാറൻറുകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. പത്തനംതിട്ട സപ്ലൈകോ പീപ്പിൾസ് ബസാറിൽ ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ടയിൽ ഉൾപ്പെടെ ഹോട്ടലുകളിൽ അമിതമായി വില വർധിപ്പിച്ചതു സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. പൊതുജനങ്ങളെ കണ്ണീരുകുടിപ്പിക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും സർക്കാർ കാഴ്ചക്കാരായി മാറിനിൽക്കില്ല. ആവശ്യമുള്ളപക്ഷം പുതിയ നിയമം നിർമിക്കുന്നത് ഉൾെപ്പടെ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ന്യായമായ വില വർധന അംഗീകരിക്കാം. എന്നാൽ, ഇപ്പോൾ ഭക്ഷണസാധനങ്ങളുടെ കാര്യത്തിൽ ജില്ലയിൽ അന്യായ വിലവർധനയാണ്. ഇതിൽനിന്ന് പിൻമാറാൻ എല്ലാ ഹോട്ടൽ റസ്റ്റാറൻറ് ഉടമകളും തയാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രജനി പ്രദീപ് ആദ്യവിൽപന നിർവഹിച്ചു ജില്ല സപ്ലൈ ഓഫിസർ എം.എ. അലിക്കുട്ടി, സപ്ലൈകോ ജനറൽ മാനേജർ കെ. വേണുഗോപാൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എ.പി. ജയൻ, ബാബു ജോർജ്, വിക്ടർ ടി. തോമസ്, അശോകൻ കുളനട, ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. മട്ട അരി സബ്സിഡി നിരക്കിൽ 24 രൂപക്കും സബ്സിഡിയില്ലാതെ 35 രൂപക്കും ജയ അരി സബ്സിഡി നിരക്കിൽ 25 രൂപക്കും സബ്സിഡിയില്ലാതെ 41.50 രൂപക്കും ലഭിക്കും.
പച്ചരി സബ്സിഡിയോടുകൂടി 23 രൂപക്കും സബ്സിഡിയില്ലാതെ 27 രൂപക്കും ലഭിക്കും. സബ്സിഡിയില്ലാത്ത നിറപറ കാർത്തിക അരിക്ക് 36.41 രൂപയും കീർത്തി നിർമൽ അരിക്ക് 40.82 രൂപയും ഐ.ആർ.എസ് പച്ചരിക്ക് 27.36 രൂപയുമാണ് അരിക്കടയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.