സ്പീക്കറുടെ പേര് ഗോദ്സെ എന്നായിരുന്നെങ്കിൽ ബി.ജെ.പി സിന്ദാബാദ് വിളിക്കുമായിരുന്നു -മന്ത്രി റിയാസ്
text_fieldsകണ്ണൂർ: സ്പീക്കറുടെ പേര് നാഥുറാം ഗോദ്സെ എന്നായിരുന്നെങ്കിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബോധപൂർവം കുഴപ്പം സൃഷ്ടിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് നല്ല അവസരമാണിതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് ഇപ്പോൾ പുറത്തുവന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ മിത്ത് പരാമർശം സംബന്ധിച്ച് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സ്പീക്കർ ഒരു മതവിശ്വാസത്തിനും എതിരെ ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറി എല്ലാ കാര്യങ്ങളും വ്യക്തമാക്കിയതാണ്. മിത്ത് വിവാദത്തിൽ പാർട്ടി സെക്രട്ടറി ഒന്നും തിരുത്തിയിട്ടില്ല. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് സംഘ് പരിവാർ അജണ്ട നടപ്പാക്കുകയാണ് ഇവിടെ. ഇതെല്ലാം എല്ലാവരും തിരിച്ചറിയുന്നുമുണ്ട്.
ഇന്നോ ഇന്നലെയോ സാമൂഹിക പ്രവർത്തനം നടത്തിയയാളല്ല സ്പീക്കർ. ദീർഘകാലം മന്ത്രി കൂടിയായിരുന്ന എ.കെ. ബാലൻ പഠിച്ച് കാര്യങ്ങൾ പറയുന്നയാളാണ്. അദ്ദേഹം ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞപ്പോഴുള്ള പരിഹാസം നമ്മൾ കണ്ടതാണ്. പഴയ ജൻമിത്ത കാലത്തേക്ക് കേരളത്തെ കൊണ്ടുപോവാൻ ശ്രമിക്കുകയാണ് ചിലർ. ഒരു മതത്തിനും വർഗീയതയില്ല. ഒരു വർഗീയതക്കും മതവുമില്ലെന്നും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.