'കോൺഗ്രസിന്‍റെ ആ നിലപാട് എന്തുകൊണ്ട് ചിന്തൻ ശിബിരം തിരുത്തിയില്ല' -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകേന്ദ്ര സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെങ്കിലും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തയാറല്ലാത്ത കോൺഗ്രസിന്‍റെ നിലപാട് ചിന്തൻ ശിബിരത്തിൽ തിരുത്താൻ തയാറാകാത്തത് എന്തുകൊണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചിന്തന്‍ ശിബിരത്തിന്റെ സമാപനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അവതരിപ്പിച്ച നയരേഖ മതനിരപേക്ഷ മനസുകളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് സ്വാതന്ത്ര്യം വേണമോ മതനിരപേക്ഷത വേണമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യം മതനിരപേക്ഷത വേണമെന്ന് പറയുമെന്ന അബ്ദുല്‍ കലാം ആസാദിന്റെ പ്രഖ്യാപനത്തിന്റെ സന്ദേശത്തെ കുറിച്ച് പോലും, എന്ത് കൊണ്ട് ശിബിറിൽ കോണ്‍ഗ്രസ് നേതൃത്വം ചിന്തിച്ചില്ല?
കേരളത്തിലെ കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ടു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തിരിച്ചടിയുടെ യഥാർഥ കാരണങ്ങളെ സംബന്ധിച്ച് സുധാകരന്‍ അവതരിപ്പിച്ച നയരേഖ മൗനം പാലിച്ചു. കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോര്‍ന്നു എന്നതു തന്നെയാണ്. മൃദു ഹിന്ദുത്വവാദത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് പെട്ടു പോവുന്നു എന്നതാണ് വോട്ടു ചോര്‍ച്ചക്കും കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും കാരണം.
ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് മടിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മതനിരപേക്ഷ മനസുകള്‍ ഇടതുപക്ഷത്തിനോട് അടുക്കുന്നതിനും കാരണമായി. ഇങ്ങനെ രണ്ട് വ്യത്യസ്ത ദിശയിലേക്ക് കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ ചെന്നെത്തി.
വിലക്കയറ്റം, തൊഴിലില്ലായ്മ പോലുള്ള ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ അല്ല കേരളാ സര്‍ക്കാറാണെന്ന് വരുത്തി തീര്‍ക്കാന്‍ എപ്പോഴും വ്യഗ്രത കാണിക്കുന്ന കെ.പി.സി.സി നേതൃത്വത്തിന്റെ സങ്കുചിത നിലപാട് തിരുത്തണമെന്ന് എന്തുകൊണ്ട് ശിബിരം ചിന്തിച്ചില്ല ? മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെങ്കിലും പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തയ്യാറാവാത്ത നിലപാട് എന്തുകൊണ്ട് ശിബിരം തിരുത്തിയില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.