പാലാരിവട്ടത്ത് ഒരു രീതി, കൂളിമാട് മറ്റൊരു രീതിയെന്ന് പ്രതിപക്ഷം; വിശദീകരണവുമായി മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: പാലാരിവട്ടം പാലം തകർച്ചയുണ്ടായപ്പോൾ കരാറുകാരെ ഉത്തരവാദികളാക്കി കരിമ്പട്ടികയിൽപെടുത്തിയെങ്കിൽ, കൂളിമാട് പാലം തകർന്നപ്പോൾ കരാറുകാർക്ക് ഏറ്റവും മികച്ച സഹകരണ സ്ഥാപനത്തിനുള്ള അവാർഡ് നൽകുകയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ, സർക്കാറിന് ഒരു കരാർ കമ്പനിയോടും പ്രത്യേക മമതയില്ലെന്നും പാലാരിവട്ടത്തെയും കൂളിമാടിലെയും സംഭവങ്ങൾ താരതമ്യപ്പെടുത്താനാവില്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മറുപടി നൽകി.
നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദ്യമുന്നയിച്ചത്. ചിലരെ വലിച്ചിഴയ്ക്കാനാണ് പാലാരിവട്ടം പാലത്തിന്‍റെ ചോദ്യം ആവർത്തിക്കുന്നതെന്ന് മന്ത്രി റിയാസ് മറുപടി നൽകി. കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്നതു ഹൈഡ്രോളിക് ജാക്കി തകരാറിലായത് കൊണ്ടാണ്. പാലാരിവട്ടവും കൂളിമാടും എങ്ങനെ താരതമ്യപ്പെടുത്താൻ കഴിയും.
പ്രതിപക്ഷ നേതാവ് കരാർ കമ്പനിയെ പ്രത്യേകം പരാമർശിച്ചത് എന്തിനെന്ന് അറിയില്ല. എന്നാൽ, പ്രതിപക്ഷത്തെ മുതിർന്ന നേതാക്കൾ തന്നെ അവരുടെ മണ്ഡലത്തിലെ പ്രവൃത്തിക്ക് ഈ കരാറുകാർ തന്നെ വേണമെന്നാവശ്യപ്പെട്ട് എഴുതിയ കത്തുണ്ട്. അതീ കമ്പനിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ്.
പ്രതിപക്ഷം പതിനായിരം തവണ പാലാരിവട്ടവും കൂളിമാടും ഒന്നാണെന്ന് പറഞ്ഞാലും കേരളത്തിലെ ജനങ്ങൾ ഇത് രണ്ടും രണ്ടാണെന്നു തന്നെ പറയുമെന്നും മന്ത്രി റിയാസ് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.