മന്ത്രിസ്ഥാനം: ആശയക്കുഴപ്പം നീങ്ങാതെ എൻ.സി.പി
text_fieldsതൃശൂർ: മന്ത്രിസ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി ചർച്ചകൾ നടത്തിയശേഷവും എൻ.സി.പി സംസ്ഥാന ഘടകത്തിൽ സർവത്ര ആശയക്കുഴപ്പം. ചർച്ചകൾക്കു പിന്നാലെ എ.കെ. ശശീന്ദ്രനു പകരം തോമസ് കെ. തോമസ് മന്ത്രിയാവും എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ഇത് സ്ഥിരീകരിക്കാനോ തള്ളാനോ ശശീന്ദ്രൻ തയാറായിട്ടില്ല. മന്ത്രിയെ മാറ്റുന്നതിനെ മുഖ്യമന്ത്രിക്ക് എതിർക്കാനാകില്ലെങ്കിലും പകരം മന്ത്രിയുടെ കാര്യത്തിൽ തീരുമാനം മുഖ്യമന്ത്രിയുടെയും മുന്നണിയുടേതുമായിരിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ നിലപാടുകളിലാണ് ശശീന്ദ്രനും കൂട്ടർക്കും പ്രതീക്ഷ. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, തോമസ് കെ. തോമസ് എം.എൽ.എ എന്നിവരാണ് വെള്ളിയാഴ്ച പവാറുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തിയത്. തോമസ് കെ. തോമസിനായി ശശീന്ദ്രൻ മന്ത്രിപദവി ഒഴിഞ്ഞുകൊടുക്കണമെന്ന പി.സി. ചാക്കോയുടെ ആവശ്യത്തോട് പവാറും തത്ത്വത്തിൽ യോജിപ്പ് അറിയിച്ചതായാണ് വിവരം. എന്നാൽ, മുമ്പ് മുഖ്യമന്ത്രിയെ കണ്ടപ്പോൾ മന്ത്രിയെ പിൻവലിക്കുന്നത് എൻ.സി.പിയുടെ ആഭ്യന്തര കാര്യമാണെന്നും എന്നാൽ പകരം മന്ത്രിസ്ഥാനം നൽകുന്നതിൽ എൽ.ഡി.എഫിൽ കൂടിയാലോചന വേണ്ടിവരുമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും ശശീന്ദ്രൻ വ്യക്തമാക്കിയതോടെ തൽക്കാലം തീരുമാനം പ്രഖ്യാപിക്കാതെ മൂന്നുപേരോടും ഒന്നിച്ച് മുഖ്യമന്ത്രിയെ കാണാൻ പവാർ നിർദേശിക്കുകയായിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായില്ലെങ്കിൽ സി.പി.എം കേന്ദ്ര നേതൃത്വവുമായി സംസാരിക്കാമെന്നും പവാർ പറഞ്ഞതായാണ് വിവരം.
ഇതിനിടെ, തന്റെ സംസ്ഥാന അധ്യക്ഷപദവി നിലനിർത്തിക്കൊണ്ടുതന്നെ ശശീന്ദ്രനെ മന്ത്രി പദവിയിൽനിന്ന് ഒഴിവാക്കുകയാണ് ചാക്കോയുടെ ലക്ഷ്യമെന്ന സംശയം ഉയർന്നതോടെ മറുപക്ഷവും തന്ത്രങ്ങൾക്ക് രൂപം നൽകുന്ന തിരക്കിലാണ്. തനിക്കു പിന്നാലെ എൻ.സി.പിയിലെത്തിയ ചില നേതാക്കളെ ജില്ല അധ്യക്ഷപദവികളിൽ എത്തിക്കുന്നതിൽ ചാക്കോ വിജയിച്ചെങ്കിലും പാർട്ടിയിൽ ആധിപത്യം ഉറപ്പിക്കാൻ ഈ പക്ഷത്തിന് ഇനിയുമായിട്ടില്ല. മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാൽ സംസ്ഥാന അധ്യക്ഷ പദവി വേണമെന്ന കടുംപിടിത്തം ശശീന്ദ്രൻ തുടരാനാണ് സാധ്യത. ഒത്തുതീർപ്പ് നിർദേശമെന്ന നിലയിൽ പവാറിനും ഇത് അംഗീകരിക്കേണ്ടിവരും.
രാജിവെക്കില്ല -ശശീന്ദ്രൻ
കൊയിലാണ്ടി: ഇടതു മന്ത്രിസഭയിൽനിന്ന് താൻ രാജിവെക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രസ്താവിച്ചു. കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ്-എസ് ജില്ല സമ്മേളനത്തിന് എത്തിയതായിരുന്നു അദ്ദേഹം. രാജിവെച്ചൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും രാജി യു.ഡി.എഫിന് ഗുണകരമാവുമെന്നും ശശീന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫിനൊപ്പം നിന്ന് ജനാധിപത്യ ശക്തികളെ ശക്തിപ്പെടുത്തുകയും നുണപ്രചാരണത്തെ തടയുകയും ചെയ്യേണ്ട ഘട്ടത്തിൽ രാജിക്കാര്യം പ്രസക്തമല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.