വി.സി നിയമനം: ചാൻസലർക്കെതിരെ മന്ത്രി ആർ. ബിന്ദു; ‘പരിഗണിച്ചത് സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം’
text_fieldsതിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലും സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽപറത്തിയുള്ളതുമായ വി.സി നിയമനം ഉൾപ്പെടെയുള്ള ചാൻസലറായ ഗവർണറുടെ നടപടികൾക്കെതിരെ സർക്കാർ നിയമപരമായ വഴികൾ തേടുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. രണ്ട് സർവകലാശാലയിലും സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ പരിഗണിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാറുമായി ഒരുവിധ കൂടിയാലോചനയുമുണ്ടായില്ല. സാങ്കേതിക സർവകലാശാല നിയമപ്രകാരം സർക്കാർ നൽകുന്ന പാനലിൽ നിന്നുള്ളവരെ മാത്രമേ വൈസ് ചാൻസലർ നിയമനത്തിൽ പരിഗണിക്കാവൂ. കഴിഞ്ഞ ദിവസം ഹൈകോടതിയും ഈ മാനദണ്ഡം ഉയർത്തിപ്പിടിച്ചു. സർക്കാർ നിർദേശവും ഹൈകോടതി ഉത്തരവിന്‍റെ അന്തസ്സത്തയും നിരാകരിച്ചാണ് ചാൻസലർ പുതിയ നിയമനം നടത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാറിന്‍റെ കാവിവത്കരണ അജണ്ടകൾക്ക് ബലംപകരൽ മാത്രമാണ് ചാൻസലറുടെ ഈ നടപടികൾക്കു പിന്നിൽ. ഉന്നത വിദ്യാഭ്യാസ മേഖലയെ മുച്ചൂടും രാഷ്ട്രീയവത്കരിക്കുന്ന ഈ നടപടികൾ നാം നേടിയ നേട്ടങ്ങളെയാകെ പിറകോട്ടടിക്കുന്നതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.