‘തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദ ലംഘനം’; വി.സി നിയമനത്തിൽ ഗവണറെ രൂക്ഷമായി വിമർശിച്ച് മന്ത്രി ബിന്ദു
text_fieldsതിരുവനന്തപുരം: കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണറുടെ നടപടിയെ വിമർശിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും തന്‍റെ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കുകയാണ് ചെയ്തതെന്നും മന്ത്രി ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
“വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാന്‍സലര്‍ അത്യന്തം അവസരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. മുമ്പ് വിസിമാരുടെ പുനര്‍നിയമനം സംബന്ധിച്ച വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പ്രതിക്കൂട്ടിലാക്കി നിര്‍ത്തിയ ചാന്‍സലര്‍ ഇപ്പോള്‍ തന്‍റെ ഇംഗിതത്തിനനുസരിച്ച് നില്‍ക്കുന്ന വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കി. ഒരിക്കല്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ഈ സ്ഥിതിയാണ് ചാന്‍സലറില്‍നിന്ന് നിരന്തരം കാണാനാകുന്നത്. ഇത് നിര്‍ഭാഗ്യകരമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മാ വര്‍ധനക്കും പൊതുമുന്നേറ്റത്തിനും കാര്യമായ പരിശ്രമങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ചാന്‍സലറുടെ ഇടപെടല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഭരണഘടനയുടെ 246 (3) അനുച്ഛേദ പ്രകാരം സംസ്ഥാന സർവകലാശാലകൾ സംബന്ധിച്ച് നിയമനിർമാണം നടത്തുന്നതിന് സംസ്ഥാന നിയമസഭക്കുള്ള അധികാരം ചോദ്യം ചെയ്യുകയും ബില്ലുകൾ തടഞ്ഞുവെക്കുകയും ചെയ്ത് ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ ശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ചാൻസലർ തന്നിഷ്ടപ്രകാരം നടത്തുന്ന നിയമനങ്ങൾ മര്യാദകളുടെ ലംഘനമാണ്” -മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ മാസം വിരമിക്കാനിരിക്കെയാണ് മോഹനൻ കുന്നുമ്മലിന് അഞ്ച് വർഷത്തേക്കുകൂടി കാലാവധി നീട്ടി ഗവർണർ ഉത്തരവിറക്കിയത്. ആരോഗ്യ സർവകലാശാലക്കു പുറമെ കേരള വി.സിയുടെ അധിക ചുമതലയിലും മോഹനൻ തുടരും. 70 വയസ് വരെ പദവിയിൽ തുടരാമെന്ന് ഉത്തരവിൽ പറയുന്നു. 2019 ഒക്ടോബറിലാണ് ഡോ. മോഹനൻ കുന്നുമ്മലിനെ ആരോഗ്യ സർവകലാശാല വി.സിയായി നിയമിച്ചത്. സംഘ്പരിവാർ കേന്ദ്രങ്ങളുടെ താൽപര്യത്തിനനുസൃതമായി സർക്കാർ നോമിനിയെ വെട്ടി ബി.ജെ.പി പിന്തുണയുള്ള ഇദ്ദേഹത്തിന് അവസരം നൽകുകയായിരുന്നു.
കണ്ണൂര്‍ സ്വദേശിയായ മോഹനൻ കുന്നുമ്മൽ, പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയായിരുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ദീർഘകാലം റേഡിയോ ഡയഗ്നോസിസിൽ അധ്യാപകനായിരുന്ന ഇദ്ദേഹം 2016ൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ റേഡിയോളജിക്കൽ ആൻഡ് ഇമേജിങ് അസോസിയേഷൻ പ്രസിഡൻറ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.