അന്നേരം കരുണയുള്ള ഒരമ്മയായി മന്ത്രി
text_fieldsകരുവന്നൂർ: ആ സമയം മന്ത്രി പദവി മാറി, മനസ്സ് അമ്മയുടേതായി. ആ മകൻ തൻറേതായി. കൈയിൽ കിടന്ന സ്വർണവള ഊരിക്കൊടുത്തു.
മന്ത്രി ആർ. ബിന്ദുവാണ് സ്വർണവള യുവാവിന്റെ ചികിത്സ നിധിയിലേക്ക് കൈമാറിയത്. മൂർക്കനാട് വായനശാലയിൽ കരുവന്നൂർ മൂർക്കനാട് ചികിത്സ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. 27കാരനായ മൂർക്കനാട് വന്നേരിപറമ്പിൽ വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയത മറ്റുള്ളവർ പങ്കുവെച്ചപ്പോൾ ഔദ്യോഗിക ഭാരങ്ങളെല്ലാം മറന്ന് ഒരു സാധാരണ അമ്മയാവുകയായിരുന്നു.
മന്ത്രി സംസാരിക്കുമെന്ന് വേദിയിൽ പറയുന്നത് കേട്ട് എണീറ്റ ഡോ. ആർ. ബിന്ദു സംസാരിക്കുകയായിരുന്നില്ല, അത് തന്റെ മകൻ തന്നെയാണെന്ന് ഓർമിപ്പിച്ച് വള നിറഞ്ഞ മനസ്സോടെ ചികിത്സ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറുകയായിരുന്നു. സാധാരണ ഇത്തരം ചികിത്സ ധനസഹായ സമിതികളുടെ യോഗത്തിൽ രക്ഷാധികാരികളായി പ്രദേശത്തെ ജനപ്രതിനിധികളായവർ പങ്കെടുക്കാറുണ്ടെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത സംഭാവനയാണ് മന്ത്രിയിൽ നിന്നുണ്ടായതെന്ന് സമിതി ഭാരവാഹികളായ പി.കെ. മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടി എല്ലാ മംഗളങ്ങളും ആശംസകളും നേർന്നാണ് മൂർക്കനാട് ഗ്രാമീണ വായനശാലയുടെ അങ്കണത്തിൽ നിന്ന് മന്ത്രി യാത്രയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.