മന്ത്രി പി. രാജീവിന്‍റെ റൂട്ട് മാറ്റി; രണ്ട് പൊലീസുകാർക്ക് സസ്പെഷൻ
text_fieldsതിരുവനന്തപുരം: വ്യവസായ മന്ത്രി പി. രാജീവിന്‍റെ റൂട്ട് മാറ്റിയതിന് പൊലീസുകാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം ഗ്രേഡ് എസ്.ഐ എസ്.എസ്. സാബുരാജൻ, സിവിൽ പൊലീസ് ഓഫിസർ എൻ.ജി. സുനിൽ എന്നിവരെയാണ് മന്ത്രിയുടെ പരാതിയിന്മേൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ സ്പർജൻകുമാർ നടപടിയെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. നെയ്യാറ്റിൻകരക്ക് സമീപം പള്ളിച്ചലിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം തിരികെ എറണാകുളത്ത് മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനം. പള്ളിച്ചൽ മുതൽ കഴക്കൂട്ടം വെട്ടുറോഡ് വരെയുള്ള മന്ത്രിയുടെ എസ്കോർട്ട് ഡ്യൂട്ടി സാബുരാജനും സുനിലുമായിരുന്നു. കരമനയിൽനിന്ന് അട്ടക്കുളങ്ങര ഭാഗത്തുകയറി ഈഞ്ചയ്ക്കൽ ജങ്ഷനിൽനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റൂട്ടായിരുന്നു ആദ്യം നിശ്ചയിച്ചത്.
എന്നാൽ, അട്ടക്കുളങ്ങര റോഡിൽ പണി നടക്കുന്നതുകൊണ്ടും തിരക്കുള്ള റോഡായതിനാലും അട്ടക്കുളങ്ങരയിലേക്ക് കയറാതെ കരമനയിൽനിന്ന് തമ്പാനൂർ വഴി പാളയം അണ്ടർ പാസേജിലൂടെ ചാക്കയിലെത്തി അവിടെനിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന റൂട്ടാണ് ഇരുവരും തെരഞ്ഞെടുത്തത്. ഇത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി മന്ത്രി അപ്പോൾ തന്നെ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറെ അറിയിച്ചിരുന്നു. തുടർന്നാണ് ജില്ല ക്രൈം സെൽ എ.സി.പിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടി.
അതേസമയം നഗരത്തിൽ വി.ഐ.പികളുടെ യാത്രാപഥം നിശ്ചയിച്ച് പരിചയസമ്പത്തുള്ള പൊലീസുകാർക്കെതിരെയുള്ള നടപടിയിൽ സേനക്കുള്ളിൽ അമർഷം ശക്തമാണ്. രണ്ട് റൂട്ടുകളും തമ്മിൽ ദൂരവ്യത്യാസമില്ല. കൂടാതെ പൊട്ടിപ്പൊളിഞ്ഞ റോഡും ജനത്തിരക്കും ഒഴിവാക്കി മികച്ചപാത നൽകിയ ഉദ്യോഗസ്ഥർക്കെതിരെയുള്ള സസ്പെഷൻ കടുത്തതായെന്ന വിലയിരുത്തലിലാണ് സേനയിൽ നല്ലൊരു ശതമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.