മദ്യോപയോഗം കുറച്ചുവരുകയാണെന്ന് മന്ത്രി രാജേഷ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ മദ്യോപയോഗം ഘട്ടംഘട്ടമായി കുറച്ചുവരുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. യു.ഡി.എഫ് സർക്കാറിന്റെ 2011 മുതൽ 2016 വരെ കാലയളവിൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഉപഭോഗം 1149.11ലക്ഷം കെയ്സ് ആയിരുന്നെങ്കിൽ 2016 മുതൽ 2021 വരെയുള്ള ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 1036.6 ലക്ഷം കെയ്സായി കുറഞ്ഞു. 2023ലെ കേരള അബ്കാരി (ഭേദഗതി) ബിൽ ചർച്ചയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാറിന്റെ കാലത്ത് മദ്യ ഉപഭോഗം മൊത്തത്തിൽ കുറയുകയാണ്. പടിപടിയായി മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരുക, മദ്യവർജനം പ്രോൽസാഹിപ്പിക്കുക എന്ന എൽ.ഡി.എഫ് സർക്കാറിന്റെ നയം ഇതിൽ തെളിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിയറ്ററുകളിൽ മുന്നറിയിപ്പ് കൂടാതെ, മദ്യത്തിന്റെയോ മദ്യ ഉപഭോഗത്തിന്റെയോ രംഗം കാണിക്കുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റുന്നതിനുള്ള നിയമ ഭേദഗതിയിലായിരുന്നു ചർച്ച. അബ്കാരി നിയമത്തിലെ ഇതുസംബന്ധിച്ച രണ്ടുവകുപ്പുകൾ ഡീക്രിമിനലൈസ് ചെയ്യുന്നതിനൊപ്പം പിഴ 10,000 രൂപയിൽനിന്ന് 50,000 രൂപയാക്കി ഉയർത്താനുമാണ് ഭേദഗതി.
അബ്കാരി നിയമം ഉണ്ടായ ശേഷം ഈ രണ്ട് വ്യവസ്ഥ അനുസരിച്ച് ആരെയും ശിക്ഷിച്ചിട്ടില്ലെന്ന് മന്ത്രി തുടർന്നു. ഒരു സിനിമക്കെതിരെ കേസെടുത്തെങ്കിലും അവർ ഹൈകോടതിയിൽനിന്ന് സ്റ്റേ നേടി. രാജ്യവ്യാപകമായി ഇത്തരത്തിൽ 29,428 വ്യവസ്ഥകൾ ഡീക്രിമിനലൈസ് ചെയ്തിട്ടുണ്ട്. ഉദയഭാനു കമീഷൻ റിപ്പോർട്ട് മദ്യനിരോധനത്തിനെതിരാണ്. മദ്യവർജനത്തിലൂന്നി ഘട്ടംഘട്ടമായി മദ്യവർജനത്തിലേക്ക് എത്തിക്കുക എന്നതാണ് ആ റിപ്പോർട്ട്. മുൻമുഖ്യമന്ത്രി കെ. കരുണാകരൻ ഉദയഭാനു കമീഷന് നൽകിയ മൊഴി മാത്യു കുഴൽനാടൻ എം.എൽ.എ വായിക്കണമെന്നും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.