മന്ത്രി രവീന്ദ്രനാഥ് ആർ.എസ്.എസ് അംഗമായിരുന്നെന്ന് അനിൽ അക്കര എം.എൽ.എ
text_fieldsതൃശൂർ: മന്ത്രി സി. രവീന്ദ്രനാഥ് ആർ.എസ്.എസ് ശാഖാ അംഗവും പഠിക്കുന്ന കാലത്ത് എ.ബി.വി.പി ചെയർമാൻ സ്ഥാനാർഥിയും ആയിരുന്നുവെന്ന് അനിൽ അക്കര എം.എൽ.എ. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പിേൻറതായി പുറത്തുവന്ന ദീൻദയാൽ ഉപാധ്യായ ജന്മദിന ആഘോഷ സർക്കുലർ വിവാദത്തിനിടക്കാണ് മന്ത്രിയുമായി ബന്ധപ്പെട്ട് എം.എൽ.എ ഫേസ് ബുക്കിലൂടെ ഇത്തരം വിവരങ്ങൾ പറഞ്ഞിരിക്കുന്നത്.
‘കുട്ടിക്കാലത്ത് എറണാകുളം ചേരാനെല്ലൂർ ആർ.എസ്.എസ് ശാഖ അംഗമായിരുന്ന രവീന്ദ്രനാഥ് പിന്നീട് ഇ.എം.എസ് പഠിച്ച തൃശൂർ സെൻറ് തോമസ് കോളജിൽ എ.ബി.വി.പിയുടെ ചെയർമാൻ സ്ഥാനാർഥിയായി നോമിനേഷൻ നൽകി. ഇതെല്ലാം ശരിയെങ്കിൽ ഇനി എത്ര കാണാനിരിക്കുന്നു?’ -എന്ന ചോദ്യത്തോടെയാണ് എം.എൽ.എയുടെ കുറിപ്പ്. വിഷയം സാമൂഹിക മാധ്യമങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. രവീന്ദ്രനാഥിന് വിദ്യാഭ്യാസ വകുപ്പ് ലഭിച്ചപ്പോൾ ‘ഹിന്ദു പ്രതിനിധി വിദ്യാഭ്യാസ മന്ത്രിയായത് ബി.ജെ.പിയുടെ നേട്ടമാണ്’ എന്ന് സംഘപരിവാർ സഹയാത്രികൻ രാഹുൽ ഈശ്വർ പറഞ്ഞത് വലിയ ചർച്ചയായിരുന്നു.
ഇടതുപക്ഷം ഏറ്റെടുത്ത ബീഫ് ഫെസ്റ്റിവെലിനെ രവീന്ദ്രനാഥ് വിമർശിച്ച് രംഗത്തു വന്നതും വിവാദമായി. സ്‌കൂളുകളിലെ ഭക്ഷണ മെനുവിൽനിന്ന് സസ്യേതര വിഭവങ്ങൾ പൂർണമായി എടുത്തു കളയാൻ മന്ത്രി ശ്രമിക്കുന്നുവെന്ന ആക്ഷേപമാണ് ഇടക്കാലത്ത് ഉയർന്ന മറ്റൊന്ന്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ ഭക്ഷണ മെനു സർക്കുലറിൽ മാംസ വിഭവങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് വിവാദമായതോടെ വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ് പിന്നീട് രംഗത്തെത്തി.
സ്‌കോളർഷിപ്പ് പരീക്ഷയുടെ മറവിൽ സംഘ് പരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ സ്‌കൂളുകളിൽ വിതരണം ചെയ്തത് സമീപ ദിവസങ്ങളിൽ വിവാദമായതാണ്. അതിന് പിന്നാലെയാണ് ആർ.എസ്.എസ് ആചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനാഘോഷ സർക്കുലർ. കേന്ദ്ര സർക്കാർ നിർദ്ദേശം പാലിക്കുന്നവെന്ന് വ്യക്തമാക്കിയാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് വാദം ഉണ്ടായി. എന്നാൽ ഈ നിർദേശത്തിൽ സംസ്ഥാന സർക്കാരിന് ഇഷ്ടമുള്ള തീരുമാനമെടുക്കാമെന്നിരിക്കെ ഇടത്സർക്കാരിെൻറ നയത്തിന് വിരുദ്ധമായി സർക്കുലർ ഇറങ്ങിയതിൽ മന്ത്രിക്കെതിരെ വിമർശനമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.