എൻ.സി.പിയിലെ മന്ത്രിമാറ്റനീക്കം പരസ്യകലാപത്തിലേക്ക്
text_fieldsതൃശൂർ: വനംമന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ. തോമസ് എം.എൽ.എയെ മന്ത്രിയാക്കാനുള്ള പി.സി. ചാക്കോയുടെ നീക്കത്തിൽ എൻ.സി.പിയിൽ പരസ്യകലാപം. പാർട്ടിയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണ് ചാക്കോ നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യ പ്രസിഡന്റ് ശരദ് പവാറിന് കത്തയക്കാൻ നേതൃത്വം നൽകിയ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. രാജൻ മാസ്റ്ററെ സസ്പെൻഡ് ചെയ്തതോടെ ശശീന്ദ്രൻപക്ഷം അന്തിമ പോരാട്ടത്തിന് തയാറെടുക്കുകയാണ്.
സംസ്ഥാന ഭാരവാഹികളുടെ കൂട്ടരാജി മുതൽ പുതിയ പാർട്ടിയെന്ന ആശയം വരെ ആലോചിക്കുന്നെന്നാണ് ശശീന്ദ്രൻ പക്ഷത്തെ മുതിർന്ന നേതാക്കൾ നൽകുന്ന സൂചന. മന്ത്രിമാറ്റം സാധ്യമായില്ലെങ്കിൽ എൻ.സി.പിയെ തകർത്ത് കോൺഗ്രസ് പാളയത്തിലേക്കു പോകാനാണ് ചാക്കോ ഒരുങ്ങുന്നതെന്ന ആരോപണവും ഇവർ ഉയർത്തുന്നു. രണ്ടു ദിവസത്തിനകം യോഗം ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് ശശീന്ദ്രൻ പക്ഷത്തെ മുതിർന്ന നേതാക്കൾ പറയുന്നത്. എൻ.സി.പിയിൽ വിഭാഗീയതയുണ്ടെന്ന് വരുത്താനും പാർട്ടി അച്ചടക്കം ലംഘിക്കാനും ശ്രമിക്കുന്നവരുടെ പേരിൽ കർശനനടപടികൾ സ്വീകരിക്കുമെന്ന ചാക്കോയുടെ മുന്നറിയിപ്പ് കൂടുതൽ നേതാക്കളെ ലക്ഷ്യമിടുന്നെന്നതിന്റെ സൂചനയാണെന്ന് ഇവർ പറയുന്നു.
കഴിഞ്ഞ ദിവസം മുംബൈയിൽ ശരദ് പവാറിനെ ചാക്കോയും ശശീന്ദ്രനും തോമസ് കെ. തോമസും കണ്ടതിനു പിന്നാലെ പുറത്തുവന്ന വാർത്തകൾ മന്ത്രിമാറ്റത്തിന് വഴിയൊരുങ്ങുന്നെന്ന തരത്തിലായിരുന്നു. എന്നാൽ, കേരളത്തിൽ മടങ്ങിയെത്തിയശേഷം ശശീന്ദ്രൻ പദവി ഒഴിയാൻ തയാറല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനു പിന്നാലെയാണ് വൈസ് പ്രസിഡൻറ് പി.കെ. രാജൻ മാസ്റ്ററും ട്രഷറർ പി.ജെ. കുഞ്ഞുമോനുമടക്കം മുതിർന്ന 10 സംസ്ഥാന ഭാരവാഹികൾ ചാക്കോയെ പ്രതിക്കൂട്ടിലാക്കി ശരദ് പവാറിന് കത്തയച്ചത്.
ശശീന്ദ്രൻ ഒഴിയാൻ തയാറായാൽപോലും പുതിയ മന്ത്രിയുടെ കാര്യത്തിൽ മുന്നണി തീരുമാനം വേണമെന്നിരിക്കെ മന്ത്രിമാറ്റതീരുമാനം ഏകകണ്ഠമല്ലെന്ന പ്രതീതി ഉടലെടുത്തത് ചാക്കോക്ക് തിരിച്ചടിയായി. ഇതാണ് മുതിർന്ന നേതാക്കളിലൊരാളായ രാജൻ മാസ്റ്ററുടെ സസ്പെൻഷനിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം യോഗം ചേർന്ന തൃശൂരിലെ മുതിർന്ന നേതാക്കൾ പി.സി. ചാക്കോയെ പരസ്യമായി എതിർക്കാൻ തീരുമാനിച്ചതും പ്രകോപനമായി. മന്ത്രി എ.കെ. ശശീന്ദ്രനെ അവഹേളിക്കുന്ന വിധത്തിലുള്ള സംസ്ഥാന പ്രസിഡന്റിന്റെ രീതികളിൽ ശക്തമായ പ്രതിഷേധവും യോഗം പ്രകടിപ്പിച്ചിരുന്നു.
ചാക്കോക്കു പിന്നാലെ പാർട്ടിയിലെത്തിയവർ മാത്രമാണ് അദ്ദേഹത്തിന് ഒപ്പമുള്ളതെന്നും പരമ്പരാഗത പാർട്ടിക്കാർ തങ്ങൾക്കൊപ്പമാണെന്നുമാണ് ശശീന്ദ്രൻ പക്ഷം അവകാശപ്പെടുന്നത്.
മുതിർന്ന നേതാവ് ടി.പി. പീതാംബരന്റെ പിന്തുണയും ഈ വിഭാഗം അവകാശപ്പെടുന്നു. മന്ത്രിമാറ്റത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വന്നാൽ മുഖ്യമന്ത്രി എന്തു നിലപാട് സ്വീകരിക്കുമെന്നത് പ്രധാനമാണ്.
സസ്പെൻഷന് ചാക്കോക്ക് അധികാരമില്ലെന്ന്
തൃശൂർ: തെരഞ്ഞെടുക്കപ്പെട്ട അഖിലേന്ത്യ കമ്മിറ്റി അംഗംകൂടിയായ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്ററെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോക്ക് അധികാരമില്ലെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള കേന്ദ്രങ്ങൾ. പാർട്ടി ഭരണഘടന ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു നടപടിക്ക് അദ്ദേഹം മുതിരുമായിരുന്നില്ല. ഒരുപാട് കാലം ഡൽഹിയിൽ പ്രവർത്തിച്ച നേതാവെന്ന നിലയിൽ ചാക്കോയോട് വലിയ ആദരമുണ്ടായിരുന്നു.
അതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് കാലുമാറിയെത്തിയപ്പോൾ വലിയ അംഗീകാരം നൽകിയത്. എന്നാൽ, അതൊക്കെ തെറ്റായിപ്പോയെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. എൻ.സി.പി തുടക്കം മുതൽ എൽ.ഡി.എഫിന് ഒപ്പം ഉറച്ചുനിന്ന പാർട്ടിയാണ്. തുടർന്നും അങ്ങനെ തന്നെയായിരിക്കും. ചാക്കോയുടെ നടപടിക്കു പിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം എന്തെന്ന് താമസിയാതെ വ്യക്തമാകുമെന്നും രാജൻ മാസ്റ്ററോട് അടുത്ത കേന്ദ്രങ്ങൾ പ്രതികരിച്ചു. കഴിഞ്ഞ 15 വർഷത്തോളമായി പാർട്ടി വൈസ് പ്രസിഡന്റാണ് രാജൻ മാസ്റ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.