സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം മതേതര വോട്ടർമാർക്ക് ദഹിച്ചിട്ടില്ലെന്ന് മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ വിമർശിക്കുന്നതിൽ പുതുമയില്ലെന്ന് മന്ത്രി പി.എം മുഹമ്മദ് റിയാസ്. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ വിമർശന വിധേയരാണ്. ലീഗ് സംസ്ഥാന അധ്യക്ഷനെ വിമർശിക്കാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചത് പ്രതിപക്ഷ നേതാവ് ആണെന്നും മന്ത്രി റിയാസ് പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറിയെയും കെ.പി.സി.സി അധ്യക്ഷനെയും വിമർശിക്കാറുണ്ട്. സാദിഖലി തങ്ങളെ സ്വാഭാവികമായും വിമർശിക്കും. വ്യക്തിപരമായ വിമർശനമല്ലെന്നും രാഷ്ട്രീയ വിമർശനമാണ് നടത്തിയതെന്നും മന്ത്രി റിയാസ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ വിമർശനത്തെ ഇത്തരത്തിൽ കാണുന്നതിൽ പ്രതിപക്ഷ നേതാവിന്‍റെ കപടതയുണ്ട്. സാദിഖലി തങ്ങളോടുള്ള ആത്മാർഥത കൊണ്ടല്ലിത്. രാഷ്ട്രീയത്തിൽ മത, വർഗീയത കലർത്താനുള്ള ശ്രമമാണ് വി.ഡി സതീശൻ നടത്തുന്നത്. ലീഗിനെ മുമ്പും വിമർശിച്ചിട്ടുണ്ടെന്നും ഭാവിയിലും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തിൽ വർഗീയത കലർത്താനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രമിച്ചത്. അത്തരം ശ്രമങ്ങൾക്ക് സഹായകരമാണ് ഇത്തരം സന്ദർശനം. സന്ദീപിന്‍റെ പാണക്കാട് സന്ദർശനം ലീഗ് നേതൃത്വം ഒഴിവാക്കണമായിരുന്നു.
ഇന്നലെ വരെ വിഷം തുപ്പുന്ന വ്യക്തിക്ക് ഇന്ന് വിശുദ്ധന്‍റെ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തിയത്. പാലക്കാട്ടെ പരമ്പരാഗത മതേതര, കോൺഗ്രസ്, യു.ഡി.എഫ് വോട്ടർമാർക്കും ലീഗ് പ്രവർത്തകർക്കും ഇത് ദഹിച്ചിട്ടില്ലെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.