ആവശ്യമെങ്കിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് ജലവിഭവ മന്ത്രി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി
text_fieldsതേക്കടി: ആവശ്യമെങ്കില്‍ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ഷട്ടര്‍ ഇനിയും ഉയര്‍ത്തുന്നതിന് ധാരണയായിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും. കരുതല്‍ എന്ന നിലയില്‍ ഇടുക്കിയില്‍ നിന്ന് 100 കുമെക്‌സ് ജലം തുറന്നു വിടാനുള്ള അനുമതിയുണ്ട്. സ്ഥിതിഗതികള്‍ ശരിയായ വിധത്തില്‍ ഇരു സംസ്ഥാനങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നതിനു സാക്ഷ്യം വഹിച്ച ശേഷം തേക്കടിയില്‍ തിരികെ എത്തി മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. റവന്യു മന്ത്രി തിരുവനന്തപുരത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
'റൂള്‍ കര്‍വ് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് മാനദണ്ഡം നിര്‍ണയിച്ചിട്ടുണ്ട്. നീരൊഴുക്ക് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ജാഗ്രതയുണ്ടാകണം. മുല്ലപ്പെരിയാര്‍ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരു സംസ്ഥാനങ്ങളുമായുണ്ടായി. ഡാമില്‍ നിന്നു പോകുന്ന വെള്ളം സുഗമമായി ഒഴുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് റവന്യു മന്ത്രി കെ. രാജനും പറഞ്ഞു.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഭാഗമായ സ്പിൽവേ ഷട്ടറുകൾ തുറന്നുത്. സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.
138.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 5800 ഘനയടി (ക്യുസെക്സ്) ജലമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. തമിഴ്നാട് സെക്കൻഡിൽ 2335 ഘനയടി വെള്ളമാണ് ടണൽ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.