അതിതീവ്ര മഴയിൽ പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിന്‍റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള 'റിങ് റോഡ്' ഫോൺ-ഇൻ പരിപാടിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്നുരണ്ട് ദിവസത്തിൽ കിട്ടുന്ന അവസ്ഥയാണ്.
അതി തീവ്ര മഴയുടെ അളവ് ഉൾക്കൊള്ളാൻ ഭൂമിക്കും റോഡിന്‍റെ ഇരുവശത്തുമുള്ള ഓവുചാലുകൾക്കും കഴിയാതെ റോഡുകൾ തകരുന്നു. ഇക്കാര്യം നാം ഗൗരവപൂർവം ചർച്ച ചെയ്യണം. ഭാവിയിൽ പുതിയ സാങ്കേതികവിദ്യ റോഡ് നിർമാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ട്.
ഉദ്യോഗസ്ഥരിലെ ചെറിയൊരുവിഭാഗം തെറ്റായ പ്രവർത്തനങ്ങൾ പിന്തുടരുന്നുണ്ട്. ഇതുവെച്ച് മൊത്തം വകുപ്പ് പ്രശ്‌നമാണെന്ന് പ്രചാരണം നടത്തുന്നത് ശരിയല്ല. തെറ്റായ പ്രവണതകൾക്കെതിരെ നടപടി സ്വീകരിക്കും. പൊതുമരാമത്ത് റോഡ് നിർമാണത്തിലോ അറ്റകുറ്റപ്പണിയിലോ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയാൽ അത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.